Friday, March 14, 2008

സ്ത്രീധനം-സര്‍വധനാല്‍ പ്രധാനം.


സര്‍ക്കാര്‍ ദമ്പതികള്‍ക്ക്‌ ഒരേ മകള്‍.തന്റേടത്തോടൂം വാശിയോടും അവള്‍ വളര്‍ന്നു, വലുതായി.അച്ഛനമ്മമാരുടെ ചിന്തകളില്‍ ആകെ റ്റെന്‍ഷന്‍-അവളുടെ വിവാഹം.അത്യാവശ്യം തുക സംഭരിച്ചിട്ടുണ്ട്‌.അങ്ങനെയിരിക്കെ മംഗല്യയോഗം തെളിഞ്ഞു. അനുരൂപനായ വരന്‍ എത്തി. എല്ലാം കൊണ്ടും യോചിച്ച ബന്ധം. വിവാഹം നിശ്ചയിച്ചു.

"എന്താണ്‌ നിങ്ങളുടെ ഡിമാന്റ്‌? അതായത്‌ സ്ത്രീധനം?"

വധുവിന്റെ അച്ഛന്‍ ചോദിച്ചു.

"ഞങ്ങള്‍ക്ക്‌ യാതൊരു ഡിമാന്റുമില്ല അതായത്‌ സ്ത്രീധനം വേണ്ട. നിങ്ങളുടെ മകള്‍ക്ക്‌ ഇഷ്ടമുള്ളത്‌ വേണമെങ്കില്‍ കൊടുക്കാം."

അവര്‍ നയം വ്യക്തമാക്കി.

ഹോ എന്തൊരാശ്വാസം എത്ര മാന്യതയുള്ളവര്‍ ഇനി ഉള്ളതു കൊണ്ട്‌ ഒപ്പിച്ചാല്‍ മതിയല്ലോ? മാതാപിതാക്കള്‍ക്ക്‌ സന്തോഷമായി. അവര്‍ അവള്‍ക്ക്‌ 50 പവന്റെ ആഭരണങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. വിവാഹചെലവുകള്‍ക്കും പണം വേണമല്ലോ.വിവാഹത്തിന്‌ ഇനി ഒരാഴ്ച്ച. ഉദ്യോഗസ്തയായ മകള്‍ വന്ന പാടെ ചീറി.

"ആട്ടെ എനിക്ക്‌ 50 പവന്‍ തന്നാല്‍ പോരാ 101 പവന്‍ തന്നെ വേണം."

"അതിനവര്‍ ഒന്നും ചോദിച്ചില്ലല്ലോ മോളേ.പിന്നെ നിനക്കെന്താണ്‌ ഇങ്ങനെ നിര്‍ബന്ധം?"അമ്മ അമ്പരപ്പോടെ പറഞ്ഞു.

"അവര്‍ ചോദിക്കുകയോ ചോദിക്കാതിരിക്കുകയോ ചെയ്യട്ടെ ഞാന്‍ എന്റെ കാര്യമാണ്‌ പറയുന്നത്‌.എനിക്ക്‌ 101 പവന്‍ വേണം."

"നീ നമ്മുടെ സ്ഥിതിയൊന്നും നോക്കാതെ എന്താണ്‌ ഇങ്ങനെ പറയുന്നത്‌ മോളേ"അച്ഛന്‍.

"അതെ ചെക്കന്റെ ചേട്ടന്റെ ഭാര്യ കൊണ്ടുവന്നിരിക്കുന്നത്‌ നൂറു പവനാണെന്ന് അറിഞ്ഞു.അപ്പോള്‍ പിന്നെ അതില്‍ കുറഞ്ഞ ഒരു പരിപാടിക്കും ഞാനില്ല കല്ല്യാണപ്പന്തലിലേക്ക്‌ ഞാന്‍ ഇറങ്ങണമ്മെങ്കില്‍ 101 പവന്റെ ആഭരണങ്ങള്‍ വേണം. അല്ലെങ്കില്‍ എനിക്കീ വിവാഹം വേണ്ട".

അവള്‍ ചാടിത്തുള്ളി അകത്തേക്ക്‌ നടന്നു. അച്ഛനുമമ്മയും കണ്ണുതള്ളി പരസ്പരം നോക്കി നിന്നു.

Tuesday, February 26, 2008

വിവാഹബന്ധനം കഴിഞ്ഞുള്ള ആദ്യരാത്രി




പെരുമ്പാമ്പും മുതലയും
പോലുള്ള പോരടിക്കലായിരുന്നു ദാമ്പത്യം.രണ്ടുപേരും ഒരേ സമയം ആധിപത്യത്തിനും കീഴടക്കലിനും ശ്രമിച്ചുകൊണ്ടിരുന്നു.ഭാര്യ ഭരിക്കപ്പെടേണ്ടവളെന്ന് ഭര്‍ത്താവ്‌ .ഭാര്യ ഭരിക്കുന്നവളെന്ന് ഭാര്യ.ഇതിനിടയില്‍ രണ്ടു കുട്ടികള്‍.
നിരന്തരമായ പോരടിക്കല്‍-സഹി കെട്ടപ്പോള്‍ മക്കള്‍ ഒരു നിര്‍ദേശം വച്ചു-ഡൈവോഴ്സ്‌.

രണ്ടു പേര്‍ക്കുമത്‌ സ്വീകാര്യമായി.
കോടതി മുറിയില്‍ പിന്‍ ബെഞ്ചില്‍ കിന്നാരം പറഞ്ഞ്‌ കുട്ടികളെ കെട്ടിപ്പിടിച്ച്‌ അവര്‍ ഇരുന്നു.

മ്യൂച്വല്‍ ഡൈവോഴ്സ്‌ പെറ്റിഷന്‍ മൂവ്‌ ചെയ്യുമ്പോള്‍ ജഡ്ജി ചോദിച്ചു.
"അപ്പോള്‍ കുട്ടികളുടെ കാര്യമോ?"
"അവര്‍ ഞങ്ങളോടൊപ്പം താമസിക്കും."
"അപ്പോള്‍ നിങ്ങളോ?"
"ഞങ്ങള്‍ ഒന്നിച്ചു താമസിക്കും"
കാര്യം പിടികിട്ടാതെ അന്തിച്ചു നില്‍ക്കുന്ന ജഡ്ജിയോട്‌ അഭിഭാഷകന്‍ വിശദീകരിച്ചു.
"യുവര്‍ ഓണര്‍,ഇത്‌ ഔപചാരികമായ ഒരു വിവാഹമോചനം മാത്രം.ജീവിതം ഒന്നിച്ചു തന്നെ.ഒരു പരീക്ഷണം.അത്ര മാത്രം"

ഈ കുടുംബ കോടതിയില്‍ നിന്ന് പോകുന്നതിനു മുന്‍പ്‌ എന്തെല്ലാം കാണണം,കേഴ്ക്കണം
എന്നോര്‍ത്ത്‌ ജഡ്ജി അത്ഭുതപ്പെട്ടു.
"നിങ്ങളുടെ വിവാഹബന്ധം ഇതിനാല്‍ വേര്‍പെടുത്തിയിരിക്കുന്നു."
എന്ന ജഡ്ജിയുടെ പ്രഖ്യാപനം കേട്ട്‌ അവര്‍ പരസ്പരം നോക്കി പുഞ്ഞിരിച്ചു.പിന്നെ കൈ കോര്‍ത്ത്‌ മക്കളെ ചേര്‍ത്ത്‌ പിടിച്ച്‌ കാറിലേക്ക്‌.
റിസോര്‍ട്ടിലെ വിഭവസമൃധമായ ഭക്ഷണത്തിനു ശേഷം മക്കള്‍ അവരെ മുറിയിലേക്ക്‌ തള്ളി വിട്ടു.
"ഹാപ്പി ഫസ്റ്റ്‌ നൈറ്റ്‌"
വിവാഹമോചനത്തിനു ശേഷമുള്ള ആദ്യ രാത്രി.

Tuesday, January 1, 2008

മിനിഗദകള്‍-4

അഗ്നി
************
എന്റെ തലയില്‍
ആകെ ചിന്താഗ്നി
എന്റെ വയറില്‍
ആകെ ജഢരാഗ്നി
എന്റെ കണ്ണില്‍
ആകെ കോപഗ്നി
എന്റെ ശരീരo
ആകെ കാമാഗ്നി
എന്നിട്ടുമെന്തേഞാന്‍
സ്വയംകത്തിയെരിഞ്ഞ്‌
ചാമ്പലാകുന്നില്ല?

മിനിഗദകള്‍-3

തത്വമസി
!!!!!!!!!!!!!!!!!!!!!!!!!!
അത്‌ നീ തന്നെ
എങ്ങില്‍ നീ
ഞാന്‍ തന്നെയാണോ?

മിനിഗദകള്‍ - 2

നമ്മള്‍
---------
‍ഞാനില്ലെങ്ങില്‍ നീയില്ല
നീയില്ലെങ്ങില്‍ ഞാനില്ല
അപ്പൊള്‍ നമ്മളില്ലെങ്ങില്‍?

മിനിഗദകള്‍

ദാമ്പത്യം
----------
രണ്ട്‌ പേര്‍
മുജ്ജന്മശാപങ്ങള്‍
പങ്കു വയ്ക്കാന്‍
തീരുമാനിക്കുമ്പോള്‍
ദാമ്പത്യം ആരംഭിക്കുന്നു.