Sunday, July 27, 2008

"അപ്പന്റെ പേരു പറയടാ.."

എന്റെ ഭാര്യക്ക്‌ വടക്കാഞ്ചേരി സ്ക്കൂളിലേക്ക്‌ സ്ഥലം മാറ്റം കിട്ടിയ സമയം..
ദാ വരുന്നു വോട്ടെഴ്സ്‌ ലിസ്റ്റ്‌ പുതുക്കാനുള്ള ഡ്യൂട്ടി...
ഞെട്ടിയത്‌ ഞാന്‍....
ഭാര്യക്ക്‌ ഇത്തരം ഡ്യൂട്ടി കിട്ടിയാള്‍ എനിക്ക്‌ പണിയായി...
"അതെയ്‌...നിങ്ങ..ലീവെടുത്തു വാ...തന്നെ പോകാന്‍ എനിക്ക്‌ പേടിയാകും"
ഇത്‌ ഭാര്യയുടെ പതിവ്‌ പല്ലവിയാണ്‌..
ഇനി ഒരു ദിവസം സ്ഥലമൊക്കെ കണ്ടു പിടിച്ച്‌ ഞങ്ങളൊന്നു കറങ്ങിക്കഴിഞ്ഞാല്‍ പിറ്റേന്ന് ഭാര്യയുടെ മട്ട്‌ മാറും..
"അതെയ്‌...നിങ്ങ...പോയാ പോരേന്ന്..ഞാനെന്തിനാ വെറുതെ ലീവ്‌ കളയണെ?"
"നിനക്ക്‌ കിട്ടിയിരിക്കുന്ന ഡ്യൂട്ടി ഞാന്‍ ചെയ്യുന്നത്‌ ശരിയല്ല...ആരെങ്കിലും കണ്ടുപിടിച്ച്‌ പരാതിപ്പെട്ടാല്‍?"
"ഓ..ഇതിപ്പൊ ആരറിയാനാ?ആരെങ്കിലും ചോദിച്ചാല്‍ പുതിയതായി വന്ന മാഷ്‌ ആണെന്ന് പറഞ്ഞാല്‍ മതി.."
"നിനക്ക്‌ സൗകര്യമുണ്ടെങ്കില്‍ പോയാല്‍ മതി..എനിക്ക്‌ നേരമില്ല്ല.."
എന്ന് ഇന്നാണെങ്കില്‍ പറഞ്ഞേനേ...
പക്ഷെ അന്ന് സുന്ദരിയായ എന്റെ ഭാര്യയെ തനിയെ ഇത്തരമൊരു ഡ്യൂട്ടിക്ക്‌ വിടാന്‍ പൊസ്സെസ്സീവ്‌ ആയ എനിക്ക്‌ കഴിയുമായിരുന്നില്ല.

അങ്ങനെ സ്ഥലം അന്വെഷിച്ച്‌ കണ്ടെത്തി...ഞാനും ഭാര്യയും കൂടി കുറെ ഏരിയ കവര്‍ ചൈയ്തു...
പിറ്റേന്ന് ഞാന്‍ തനിയെ എത്തി...
അന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌ ബാക്കി ഭാഗം
വടക്കാഞ്ചേരി റെയില്‍ വെ സ്റ്റേഷന്‌ പടിഞ്ഞാറുള്ള മലയും പ്രാന്തപ്രദേശങ്ങളുമാണ്‌ എന്ന്...

"ആ കുഷ്ടരോഗികളുടെ സ്ഥലം അല്ലെ?"ഒരാള്‍ ചോദിച്ചു

ഞാനൊന്ന് ഞെട്ടിസംഗതി ഇതാണ്‌...
മലയുടെ മുകളിലാണ്‌ കുഷ്ടരോഗികളെ പുനരധിവസിപ്പിച്ചിരിക്കുന്നത്‌...അതുകൊണ്ടാണ്‌ മറ്റു ടീച്ചര്‍മാര്‍ ഒഴിഞ്ഞുമാറുകയും ഒടുവില്‍ ഇക്കാര്യം അറിയാത്ത എന്റെ ഭാര്യയുടെ തലയില്‍ ഈ ഡ്യൂട്ടിവരികയും ചെയ്തത്‌...
ഇനി രക്ഷയില്ല.. മല കയറിയേ പറ്റൂ..

എന്തൊക്കെയോ ശപിച്ചുകൊണ്ട്‌ ഞാന്‍ മല കയറാന്‍ തുടങ്ങി....ഒടുവില്‍ കിതച്ച്‌ ശ്വാസം കിട്ടാതെ ഞാന്‍ എത്തിയത്‌ ഒരു ചെറിയ പള്ളിയുടെ മുന്നില്‍...
നേരെ വരാന്തയില്‍ കിടന്നു...
രണ്ടു കന്യാസ്ത്രീകള്‍ ഓടിവന്നു...
ഞാന്‍ അവരോട്‌ "വെള്ളം" എന്ന് ആംഗ്യം കാണിച്ചു...അവര്‍ ഒരു കുപ്പി വെള്ളവുമായി വന്നു..അത്‌ കുടിച്ച്‌ വീണ്ടും വേണമെന്ന് ആംഗ്യം..
വീണ്ടും ഒരു കുപ്പികൂടി കുടിച്ച്‌ കുറച്ച്‌ കഴിഞ്ഞപ്പോള്‍ എണീറ്റിരുന്ന് സംസാരിക്കാമെന്നായി..
"ആദ്യമായി ഈ മല കയറി വരുന്നവരൊക്കെ ഇങ്ങനെ കിടക്കാറുണ്ട്‌" എന്നായി..അവര്‍..

[അവര്‍ സ്ഥലമൊക്കെ പറഞ്ഞുതന്നു...ഇപ്പോള്‍ അവിടെ രോഗം ഉള്ളവരില്ല...എല്ലാവരുടെയും രോഗം മാറിയതാണ്‌...പുതിയ തലമുറയിലെ ആര്‍ക്കും ഈ രോഗമില്ല..അക്കാര്യത്തില്‍ എനിക്ക്‌ പേടി തോന്നിയില്ല..."അശ്വമേധം" ഓര്‍മ്മ വന്നു...എനിക്ക്‌ പേടി മല കയറ്റമായിരുന്നു..കാരണം അന്നെനിക്ക്‌ കുറേശ്ശെ ആസ്മയുണ്ടായിരുന്നു...പക്ഷെ കുഴപ്പമൊന്നുമുണ്ടായില്ല...2 ദിവസം കൊണ്ട്‌ ആ ഭാഗം തീര്‍ത്തു എന്നാണ്‌ ഓര്‍മ്മ]

ഇനി സംഭവം പറയട്ടെ...കന്യാസ്ത്രീകളുമായി സംസാരിച്ചുനില്‍ക്കേ ആദ്യം പള്ളിയിലേയും മഠത്തിലേയും ലിസ്റ്റ്‌ നോക്കി...ഒ കെ ആണ്‌..
" പുതിയതായി ആരെയെങ്കിലും ചേര്‍ക്കാനുണ്ടൊ?" ഞാന്‍ ചോദിച്ചു

ആ സമയത്ത്‌ ഏതാണ്ട്‌ 20 വയസ്സുള്ള ചെറുപ്പക്കാരന്‍ അങ്ങോട്ട്‌ വന്നു..കന്യാസ്ത്രീകള്‍ ഉത്സാഹത്തോടെ പറഞ്ഞു
"ഇവന്‍ ഞങ്ങളുടെ സഹായിയാണ്‌..ഇവന്റെ പേരൊന്ന് ചേര്‍ക്കാമോ?"
"ഓഹൊ...അതിനെന്താ?"
ഞാന്‍ സുന്ദരികളും ചെറുപ്പക്കാരികളുമായ ആ കന്യാസ്ത്രീകളുടെ മുന്നില്‍ ഉദാരവാനായി[ക്രിസ്റ്റ്യന്‍സ്‌ ക്ഷമിക്കുക]
"പേര്‌?"ഞാന്‍ ചോദിച്ചു.
"പേരു പറയടാ" അവര്‍ ഉത്സാഹിപ്പിച്ചു.
"ജോസ്‌" മടിച്ച്‌ മടിച്ച്‌ അയാള്‍ പറഞ്ഞു-
-ഇവനൊരു മന്ദബുദ്ധി ലക്ഷണമാണല്ലോ-- ഞാനോര്‍ത്തു
"അപ്പന്റെ പേര്‌?" എന്റെ ചോദ്യം
അയാള്‍ മിണ്ടുന്നില്ല
"അപ്പന്റെ പേരു പറയടാ.."അവര്‍ പ്രോല്‍സാഹിപ്പിച്ചു
അയാള്‍ പകച്ച്‌ നില്‍ക്കുയാണ്‌...
കന്യാസ്ത്രീകള്‍ വീണ്ടും നിര്‍ബന്ധിച്ചു..അയാള്‍ ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്‌
"എടൊ തന്റെ അപ്പന്റെ പേരുപറയാന്‍...എന്താ തനിക്ക്‌ അപ്പനില്ലേ" ദേഷ്യം വന്ന ഞാന്‍ കര്‍ക്കശമായി ചോദിച്ചു..
.ഒരു നിമിഷം...അയാളുടെ മുഖത്ത്‌ ആകാശത്തിലെ മുഴുവന്‍ കാര്‍മേഘങ്ങളും വന്നു നിറഞ്ഞു...ഇപ്പോള്‍ പെയ്യുമെന്ന ഭാവം...
അയാള്‍ പെട്ടെന്ന് തിരിഞ്ഞ്‌ നടന്നു...സുന്ദരനായ ചെറുപ്പക്കാരന്‍...അയാള്‍ നടന്ന് മരക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞു....

ഞാന്‍ അമ്പരന്ന് കന്യാസ്ത്രീകളെ നോക്കി....അവര്‍ വിഷമിച്ച്‌ നില്‍ക്കുകയാണ്‌ അവര്‍ പറഞ്ഞു

"അവന്‍ അനാഥനാണ്‌...മറ്റൊരു മഠത്തിന്റെ മുന്നില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി...മാതാപിതാക്കള്‍ ആരെന്ന് അറിയില്ല...രെജിസ്റ്റരില്‍ ഏതൊ പേരു എഴുതി വച്ചിട്ടുണ്ട്‌...അതു പറയാനാണ്‌ ഞങ്ങള്‍ പറഞ്ഞത്‌..അത്‌ അവനേ അറിയൂ...ഒരിക്കലെങ്കിലും തന്റെ മാതാപിതാക്കളെ ഒന്ന് കാണണം എന്ന് മാത്രമാണവന്റെ ആഗ്രഹം..."

ബൂമറാങ്ങ്‌ പോലെ, അയാളുടെ മുഖത്ത്‌ നിറഞ്ഞ ദുഖം എന്റെ മനസിലേക്ക്‌ പകര്‍ന്നു....അയാളുടെ മുഖത്ത്‌ നിറഞ്ഞത്‌ ഒരു ജന്മത്തിലെ മുഴുവന്‍ ദുഖത്തിന്റെ കാര്‍മേക്ഘങ്ങളായിരുന്നു.

ചോരയൊലിക്കുന്ന മനസ്സുമായി ഞാന്‍ മലയിറങ്ങി.
ഇന്നും അയാളുടെ മുഖം എന്നെ വേട്ടയാടുന്നു
എന്റെ മനസ്സപ്പോള്‍ മന്ത്രിക്കും
"അറിയാതെയാണെങ്കിലും നിങ്ങളെ വേദനിപ്പിച്ചതില്‍,
പ്രിയ സഹോദരാ മാപ്പ്‌..."

18 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രിയ സഹോദരാ മാപ്പ്‌..."

അതൂ മതി

OAB/ഒഎബി said...

നിസ്സാരമെന്ന് ചിലറ്ക്ക് തോന്നവുന്ന ഒന്ന്. അത് വലിയ മനസ്സുകളെ എന്നും അലട്ടിക്കൊണ്ടിരിക്കും.
നന്നായി ഗോപാ. ആ വലിയ ഭാരം താങ്കള്‍ ഇവിടെ ഇറക്കി വച്ചിരിക്കുന്നു!.

കാപ്പിലാന്‍ said...

Vaayichoo.

നിരക്ഷരൻ said...

ഇന്നത്തെ കാലത്ത് അപ്പന്റെ പേരൊന്നും കടുപ്പിച്ച് ചോദിക്കാന്‍ പറ്റില്ല.

ശ്രീ said...

ഈ കുറിപ്പ് നന്നായി മാഷേ. അറിഞ്ഞു കൊണ്ട് ചോദിച്ചതല്ലല്ലോ.

Sharu (Ansha Muneer) said...

അറിഞ്ഞുകൊണ്ട് ചോദിച്ചതല്ലല്ലോ.... മനസ്സിന്റെ വിഷമം ഇവിടെ പങ്കുവെച്ചു തീര്‍ത്തില്ലേ.

ഹരീഷ് തൊടുപുഴ said...

സാരമില്ല ചേട്ടാ, ഒരബദ്ധം പറ്റിയതല്ലേ... അവന്‍ ക്ഷമിച്ചുകാണും...

siva // ശിവ said...

ഇവിടെ പകര്‍ത്തിയ ജീവിതം വായിച്ചു....വിഷമം തോന്നി...

Unknown said...

വേണ്ടായിരുന്നു.രസകരമായി വായിച്ചു വന്ന്നിട്ട്
അവസാനം ആ ചെറൂപ്പകാരന്റെ നൊമ്പരം
ഞങ്ങള്‍ക്കും സമ്മാനിച്ചു.
നിങ്ങള് വല്ലോ‍ാ എസ്,ഐ.യും ആകാതെയിരുന്ന്നത് ഭാഗ്യം

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മളറിയാതെ വന്നു ചേരുന്നതാണ്. പിതാവാരെന്നറിയാതെ ജീവിക്കേണ്ടി വരുന്നവന്റെ നെഞ്ചിനുള്ളിലെ വിങ്ങല്‍‍ നമ്മളെ ചേര്‍ത്തു പിടിക്കുന്നതും അപ്പോഴാണ്.

വത്സലന്‍ വാതുശ്ശേരി said...

R U Gopak or Gopalakrishnan?
-valsalan

രസികന്‍ said...

ആ ചെറുപ്പക്കാർനെപ്പോലെ എത്രയെത്ര ആളുകൾ ..........
എഴുത്ത് നന്നായിരുന്നു
സസ്നേഹം രസികൻ

ഹാരിസ്‌ എടവന said...

എഴുത്ത് നന്നായി
ഇങിനെ അപ്പന്റെ പേരറിയാത്തവരെത്രയുണ്ടെന്നൊ

yousufpa said...

നമ്മുടെയൊക്കെ തലവിധി ആലോചിക്കുമ്പോള്‍ അരിശം തോന്നുന്നു.എന്താ അനാഥകളൊന്നും മനുഷ്യരല്ലേ...?
തന്തേണ്ടെങ്കിലെ അവന് വോട്ടവകാശം ഉള്ളൂ...?

ഗീത said...

ഓ പാവം ജോസ്.
എന്നാലും ഗോപക് ഇനി സങ്കടപ്പെടണ്ട, അറിയാതെ ചെയ്തു പോയതല്ലേ. ഇനി ഇതൊക്കെ ചോദിക്കുമ്പോള്‍ ഇത്തിരി മയത്തിലൊക്കെയാവട്ടെ...

ഓ.ടോ. വല്യേ വായനക്കാരനാണേന്ന് നാലാള്‍ വിചാരിച്ചോട്ടേന്ന് കരുതിയാണോ ആ പൊത്തോം വായിക്കണ പോട്ടം? ഹി ഹി ഹി...

അരുണ്‍ കരിമുട്ടം said...

വായിക്കാന്‍ താമസിച്ചു പോയി.പക്ഷേ വാക്കുകളിലെ അര്‍ത്ഥം അത് മനസിലായി

ഗോപക്‌ യു ആര്‍ said...

എന്റെ മനസ്സിന്റെ ദുഖം
ഏറ്റുവാങ്ങിയ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്‌ നന്ദി...


അത്ക്കന്‍...ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ പ്രശ്നമൊന്നുമില്ല...പക്ഷെ അപ്പോഴെക്കും അയാള്‍ സ്തലം വിട്ടില്ലേ?....


ഗീതാമാഡം...ശ്രദ്ധിച്ചാല്‍ അറിയാം...അതൊരു നോട്ട്ബുക്കാണ്‌..ബ്ലൊഗില്‍ കാച്ചേണ്ടവക തപ്പുകയാണ്‌.
.bloggers beware..
.പിന്നെ ബ്ലൊഗെഴ്സില്‍ നല്ല ശതമാനം പേരും നല്ല വായനക്കാരാണെന്ന് പറയെണ്ടതില്ലല്ലൊ!!

Unknown said...

Feel good......