Tuesday, February 26, 2008

വിവാഹബന്ധനം കഴിഞ്ഞുള്ള ആദ്യരാത്രി




പെരുമ്പാമ്പും മുതലയും
പോലുള്ള പോരടിക്കലായിരുന്നു ദാമ്പത്യം.രണ്ടുപേരും ഒരേ സമയം ആധിപത്യത്തിനും കീഴടക്കലിനും ശ്രമിച്ചുകൊണ്ടിരുന്നു.ഭാര്യ ഭരിക്കപ്പെടേണ്ടവളെന്ന് ഭര്‍ത്താവ്‌ .ഭാര്യ ഭരിക്കുന്നവളെന്ന് ഭാര്യ.ഇതിനിടയില്‍ രണ്ടു കുട്ടികള്‍.
നിരന്തരമായ പോരടിക്കല്‍-സഹി കെട്ടപ്പോള്‍ മക്കള്‍ ഒരു നിര്‍ദേശം വച്ചു-ഡൈവോഴ്സ്‌.

രണ്ടു പേര്‍ക്കുമത്‌ സ്വീകാര്യമായി.
കോടതി മുറിയില്‍ പിന്‍ ബെഞ്ചില്‍ കിന്നാരം പറഞ്ഞ്‌ കുട്ടികളെ കെട്ടിപ്പിടിച്ച്‌ അവര്‍ ഇരുന്നു.

മ്യൂച്വല്‍ ഡൈവോഴ്സ്‌ പെറ്റിഷന്‍ മൂവ്‌ ചെയ്യുമ്പോള്‍ ജഡ്ജി ചോദിച്ചു.
"അപ്പോള്‍ കുട്ടികളുടെ കാര്യമോ?"
"അവര്‍ ഞങ്ങളോടൊപ്പം താമസിക്കും."
"അപ്പോള്‍ നിങ്ങളോ?"
"ഞങ്ങള്‍ ഒന്നിച്ചു താമസിക്കും"
കാര്യം പിടികിട്ടാതെ അന്തിച്ചു നില്‍ക്കുന്ന ജഡ്ജിയോട്‌ അഭിഭാഷകന്‍ വിശദീകരിച്ചു.
"യുവര്‍ ഓണര്‍,ഇത്‌ ഔപചാരികമായ ഒരു വിവാഹമോചനം മാത്രം.ജീവിതം ഒന്നിച്ചു തന്നെ.ഒരു പരീക്ഷണം.അത്ര മാത്രം"

ഈ കുടുംബ കോടതിയില്‍ നിന്ന് പോകുന്നതിനു മുന്‍പ്‌ എന്തെല്ലാം കാണണം,കേഴ്ക്കണം
എന്നോര്‍ത്ത്‌ ജഡ്ജി അത്ഭുതപ്പെട്ടു.
"നിങ്ങളുടെ വിവാഹബന്ധം ഇതിനാല്‍ വേര്‍പെടുത്തിയിരിക്കുന്നു."
എന്ന ജഡ്ജിയുടെ പ്രഖ്യാപനം കേട്ട്‌ അവര്‍ പരസ്പരം നോക്കി പുഞ്ഞിരിച്ചു.പിന്നെ കൈ കോര്‍ത്ത്‌ മക്കളെ ചേര്‍ത്ത്‌ പിടിച്ച്‌ കാറിലേക്ക്‌.
റിസോര്‍ട്ടിലെ വിഭവസമൃധമായ ഭക്ഷണത്തിനു ശേഷം മക്കള്‍ അവരെ മുറിയിലേക്ക്‌ തള്ളി വിട്ടു.
"ഹാപ്പി ഫസ്റ്റ്‌ നൈറ്റ്‌"
വിവാഹമോചനത്തിനു ശേഷമുള്ള ആദ്യ രാത്രി.