Friday, March 14, 2008

സ്ത്രീധനം-സര്‍വധനാല്‍ പ്രധാനം.


സര്‍ക്കാര്‍ ദമ്പതികള്‍ക്ക്‌ ഒരേ മകള്‍.തന്റേടത്തോടൂം വാശിയോടും അവള്‍ വളര്‍ന്നു, വലുതായി.അച്ഛനമ്മമാരുടെ ചിന്തകളില്‍ ആകെ റ്റെന്‍ഷന്‍-അവളുടെ വിവാഹം.അത്യാവശ്യം തുക സംഭരിച്ചിട്ടുണ്ട്‌.അങ്ങനെയിരിക്കെ മംഗല്യയോഗം തെളിഞ്ഞു. അനുരൂപനായ വരന്‍ എത്തി. എല്ലാം കൊണ്ടും യോചിച്ച ബന്ധം. വിവാഹം നിശ്ചയിച്ചു.

"എന്താണ്‌ നിങ്ങളുടെ ഡിമാന്റ്‌? അതായത്‌ സ്ത്രീധനം?"

വധുവിന്റെ അച്ഛന്‍ ചോദിച്ചു.

"ഞങ്ങള്‍ക്ക്‌ യാതൊരു ഡിമാന്റുമില്ല അതായത്‌ സ്ത്രീധനം വേണ്ട. നിങ്ങളുടെ മകള്‍ക്ക്‌ ഇഷ്ടമുള്ളത്‌ വേണമെങ്കില്‍ കൊടുക്കാം."

അവര്‍ നയം വ്യക്തമാക്കി.

ഹോ എന്തൊരാശ്വാസം എത്ര മാന്യതയുള്ളവര്‍ ഇനി ഉള്ളതു കൊണ്ട്‌ ഒപ്പിച്ചാല്‍ മതിയല്ലോ? മാതാപിതാക്കള്‍ക്ക്‌ സന്തോഷമായി. അവര്‍ അവള്‍ക്ക്‌ 50 പവന്റെ ആഭരണങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. വിവാഹചെലവുകള്‍ക്കും പണം വേണമല്ലോ.വിവാഹത്തിന്‌ ഇനി ഒരാഴ്ച്ച. ഉദ്യോഗസ്തയായ മകള്‍ വന്ന പാടെ ചീറി.

"ആട്ടെ എനിക്ക്‌ 50 പവന്‍ തന്നാല്‍ പോരാ 101 പവന്‍ തന്നെ വേണം."

"അതിനവര്‍ ഒന്നും ചോദിച്ചില്ലല്ലോ മോളേ.പിന്നെ നിനക്കെന്താണ്‌ ഇങ്ങനെ നിര്‍ബന്ധം?"അമ്മ അമ്പരപ്പോടെ പറഞ്ഞു.

"അവര്‍ ചോദിക്കുകയോ ചോദിക്കാതിരിക്കുകയോ ചെയ്യട്ടെ ഞാന്‍ എന്റെ കാര്യമാണ്‌ പറയുന്നത്‌.എനിക്ക്‌ 101 പവന്‍ വേണം."

"നീ നമ്മുടെ സ്ഥിതിയൊന്നും നോക്കാതെ എന്താണ്‌ ഇങ്ങനെ പറയുന്നത്‌ മോളേ"അച്ഛന്‍.

"അതെ ചെക്കന്റെ ചേട്ടന്റെ ഭാര്യ കൊണ്ടുവന്നിരിക്കുന്നത്‌ നൂറു പവനാണെന്ന് അറിഞ്ഞു.അപ്പോള്‍ പിന്നെ അതില്‍ കുറഞ്ഞ ഒരു പരിപാടിക്കും ഞാനില്ല കല്ല്യാണപ്പന്തലിലേക്ക്‌ ഞാന്‍ ഇറങ്ങണമ്മെങ്കില്‍ 101 പവന്റെ ആഭരണങ്ങള്‍ വേണം. അല്ലെങ്കില്‍ എനിക്കീ വിവാഹം വേണ്ട".

അവള്‍ ചാടിത്തുള്ളി അകത്തേക്ക്‌ നടന്നു. അച്ഛനുമമ്മയും കണ്ണുതള്ളി പരസ്പരം നോക്കി നിന്നു.