Thursday, October 23, 2008

കമ്പ്യൂട്ടർ .....തീർന്നു....


ഞാനും ഭാര്യയുമായുള്ള സംവാദം....
.
ഓഹൊ...അപ്പൊൾ രാവിലെ ഒരുങ്ങി പോകുന്നത്‌ കമ്പ്യൂട്ടർ പഠിക്കാനാണല്ലേ!
അതെ!
ആരാ പഠിപ്പിക്കുന്നത്‌?
ടീച്ചർ
എത്ര വയസ്സുണ്ട്‌? ...
മണ്ടീ...സ്ത്രീകൾ വയസ്സ്‌ പറയുമോ?
ഒരു പെൺകുട്ടി ആണെന്ന് കേട്ടല്ലോ!
അതെ..
വെറുതെയല്ലാ ചാടിപ്പുറപ്പെട്ടത്‌..ആട്ടെ..എന്താ ഉദ്ദേശം..?

ഇതിനുത്തരം ഞാൻ നേരത്തെ കണ്ടുവച്ചിട്ടുണ്ടായിരുന്നു...

അതെയ്‌.. ഒരു കേന്ദ്ര ഗവ: സ്ഥാപനത്തിൽ ഡെപ്യൂട്ടേഷന്‌ അപേക്ഷ അയച്ചിട്ടുണ്ട്‌...ഇന്റർവ്യൂ ഉണ്ടാകും...ഒരു ചോദ്യം കമ്പ്യൂട്ടർ അറിയാമോ എന്നായിരിക്കും...ഇല്ല എന്നു പറഞ്ഞാൽ അതോടെ ഔട്ട്‌ ആകും...അതല്ലേ ഞാൻ തിരക്കു പിടിച്ച്‌ പഠിക്കാൻ പോകുന്നത്‌?...ഇപ്പോൾ മനസ്സിലായോ?

സംഭവം സത്യം ആയിരുന്നു.. ഏതായാലും അതിൽ ഭാര്യ വീണു

എന്ത്‌? ഏത്‌? എവിടെ? അതുകൊണ്ട്‌ എന്താ കാര്യം ...എന്നൊക്കെയായി ടീയാൾ

ഞാൻ വിശദീകരിച്ചു.. കേന്ദ്രസർവ്വീസിൽ പോയാൽ 1500 രൂപകൂടുതൽ കിട്ടും എന്നു കേട്ടതോടെ അവൾ നിലം പരിശായി
കാരണമുണ്ട്‌....അവൾ അറുപിശുക്കിയാണ്‌...
അപ്പൊൾ പിന്നെ സമ്മതിക്കുമെന്ന് എനിക്കുറപ്പല്ലേ?
ഞാനിതൊരു കുറ്റമായിട്ടല്ല പറയുന്നത്‌..
ഞാനൽപ്പം ലാവിഷ്‌ ആണ്‌...ഭാര്യപിശുക്കിയായതുകൊണ്ട്‌ ഗുണമുണ്ട്‌....കുടുംബബജറ്റ്‌ ബാലൻസിംഗ്‌ ആണ്‌...

അങ്ങനെ ഭാര്യ ഒകെ...

ഈഭാര്യമാരൊക്കെ തനി പാവങ്ങളാണെന്നെ...പക്ഷെ അവരുടെ ദൗർബല്യങ്ങൾ അറിഞ്ഞ്നംബർ പ്രയോഗിക്കണം..എന്നാലേ രക്ഷയുള്ളൂ...

എന്റമ്മോ..ഇനി ഇതിനു് എന്തെല്ലാം കേൾക്കേണ്ടിവരുമോ ആവോ...

അങ്ങനെ വഴക്കിട്ട്‌ വഴക്കിട്ട്‌ 6 മാസം കഴിഞ്ഞപ്പോൾ കോഴ്സ്‌ ഒരുവിധം പഠിച്ചു എന്നു വരുത്തി ...അവസാനിപ്പിച്ചു....

ഇതുപോലോരു മണ്ടൻ കുട്ടിയെ ഞാൻ പഠിപ്പിച്ചിട്ടില്ല....എന്നൊരു സർട്ടിഫിക്കറ്റും ടീച്ചർ എനിക്ക്‌ തന്നു.

മറ്റൊരു കുട്ടി എന്നൊട്‌ പറഞ്ഞു
ചേട്ടാ...ഇതവൾ എല്ലാവരൊടും പറയുന്നതാ...2കുട്ടികൾ അവളുടെ ചീത്ത സഹിക്കവയ്യാതെ ക്ലാസ്‌ നിർത്തിപ്പോയി..അവൾക്ക്‌ ഭയങ്കര ജാടയല്ലേ!

ഏതായാലും എന്റെ പകുതി പ്രായമുള്ള ഒരു പെൺകുട്ടിയുടെ ചീത്ത കേട്ടാണെങ്കിലും ഒരു വിദ്യാർത്ഥിയായി മാറിയ ആകാലഘട്ടം സുഖകരമായ പഴയ ആ കലാലയജീവിതത്തിന്റെ ഒ‍ാർമ്മകളിലേക്ക്‌ ഒരു തിരിച്ചു പോക്കായിരുന്നു..

ഇങ്ങനെയാണെങ്കിലും കുറച്ചു കഴിഞ്ഞ്‌ ഞങ്ങൾ കൊമ്പ്ലിമന്റ്സ്‌ ആയി....എഴേമുക്കാൽ വരെ ബഹളം....അതായത്‌ പഠിത്തം....പിന്നെ അൽപ്പം ചാറ്റിംഗ്‌....

ആ കുട്ടിയുടെ കഥ കുറെശ്ശെ അറിഞ്ഞു...രോഗിയായ അച്ചൻ..കൂലിപണിക്കാരിയായ അമ്മ എംകൊമിനു് ആ കുട്ടി പ്രൈവറ്റായി പഠിക്കുന്നു...ഒപ്പം കമ്പ്യൂട്ടറും.. ഇൻസ്റ്റിറ്റൂട്ടിൽ നിന്നു കിട്ടുന്ന ശമ്പളം കൊണ്ട്‌ ആണ്‌ പഠിത്തം....
പൈസയില്ലെന്നറിഞ്ഞ്‌ എംകൊമിന്റെ കുറെപുസ്തകങ്ങൾ ഞാൻ വാങ്ങിക്കൊടുത്തു....വളരെ കഷ്ടപ്പെട്ട്‌ പഠിക്കുന്ന ആകുട്ടിയോട്‌ എനിക്കൽപ്പം ബഹുമാനം തോന്നി....അൽപ്പം അഹംകാരിയാണെങ്കിലും.....

ഞാൻ കവിത എഴുതുമെന്നറിഞ്ഞ്‌ ഒരു ദിവസം
"ഇപ്പോഴൊരുകവിത എഴുതാമോ" എന്നെന്നോടൂ ചോദിച്ചു
ഞാൻ ഇതെന്തൊരു ചോദ്യം എന്ന മട്ടിൽ ആ കുട്ടിയുടെ വലിയ കണ്ണുകളിലേക്ക്‌ നോക്കി ഇരുന്നു....
പുറത്തപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു....
ഡിസംബറിൽ എവിടെ മഴ എന്നു ചോദിക്കരുത്‌...
കാരണം അപ്പോഴേക്കും മെയ്‌ ആയി മാഷെ!.
.നല്ല വേനൽമഴ....
ആ ഉണ്ടക്കണ്ണുകളിലേക്ക്‌ നോക്കിയിരുന്നപ്പോൾ ആദ്യത്തെ വരികൾ പെയ്തിറങ്ങി..

നിന്റെ കണ്ണുകളുടെ
ഉൾക്കാടുകളിൽ മഴ...

ഈ കവിത ഞാൻ "കുംകുമപ്പാടത്തിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌..
ഒന്നുകൂടി നോക്കിയാലും

മാത്രമല്ല അറ്റ്ലസ്‌--കൈരളി സാഹിത്യമൽസരം--2005ൽ.....

സാക്ഷാൽ ശ്രീ. അറ്റ്ലസ്‌ രാമചന്ദ്രൻ സ്പോൺസർ ചെയ്യുന്ന പരിപാടി....

കവിതക്ക്‌ പ്രോൽസാഹന സമ്മാനവും ലഭിച്ചു....
പൊങ്ങച്ചമായി കാണരുതേ.....മേധാ ബൂക്സ്‌, കോഴിക്കോട്‌ ഇത്‌ സമാഹാരമാക്കിയിട്ടുണ്ട്‌...

ഉപസംഹാരം...

ആ കുട്ടി അഛനെ മണ്ടൻ എന്നാണ്‌ വിളിക്കുന്നത്‌
എന്ന് ഞാൻ മക്കളോ വിഷമം നടിച്ച്‌ പറഞ്ഞു...
ഭാര്യ പൊട്ടിച്ചിരിച്ചു...

ഹാവു, എനിക്ക്‌ സമാധാനമായി.....ആ കുട്ടിയോടുള്ള കിരുകിരിപ്പ്‌ ഒക്കെ പോയി എനിക്ക്‌...നല്ല വിവരമുള്ള കുട്ടി... നിങ്ങളെപ്പറ്റി എനിക്ക്‌ ശേഷം മറ്റൊരു സ്ത്രീ കൂടി സത്യം മനസ്സിലാക്കിയല്ലോ!! അവളെ വിളിച്ചൊന്ന് അഭിനന്ദിക്കണം...

വിഷമിച്ച്‌ നിന്ന എന്നെ മോൾ സമാധാനിപ്പിച്ചു...
അഛാ..അഛനും വരും ഒരു നല്ല കാലം
മകന്റെ കമന്റ്‌....
every dog has his own day..
അവന്റെ ചെവി ഞാൻ അപ്പോൾ തന്നെ പൊന്നാക്കി കൊടുത്തു...

സമാപ്തം...നന്ദി...നമസ്കാരം.....

Tuesday, October 21, 2008

കമ്പ്യൂറ്റർ കഥ.......മൂന്നു..


അങ്ങനെ ഡിസംബറിലെ മഞ്ഞു മൂടിയ ഒരു പ്രഭാതത്തിൽ ക്ലാസ്‌ ആരംഭികുന്നു..
ആദ്യം മൗസ്‌ ബാലൻസ്‌...
ഒരു മണിക്കൂർ കൊണ്ട്‌ ഞാനത്‌ പഠിച്ചു...
പിന്നെ എങ്ങനെയുണ്ട്‌
എന്ന ഭാവത്തിൽ ടീച്ചറെ നോക്കി..
.ടീച്ചർ എന്നെ ഉണ്ടക്കണ്ണുകളുമായി സാകൂതം നോക്കിയിരിക്കുകയാണ്‌..
.ഒരു ലൈനിന്റെ മണം വരുന്നപോലെ എനിക്ക്‌ തോന്നി.
."ഉം.എന്താ" എന്നു ഞാൻ കണ്ണുകൾ കൊണ്ട്‌ ചോദിച്ചു...
ടീച്ചർ പറഞ്ഞു.."സാധാരണ 10 മിനിറ്റിൽ കൂടുതൽ വേണ്ടാ മൗസ്‌ ബാലൻസീന്‌...ഇത്‌ ചേട്ടൻ ഒരു മണിക്കൂറെടെത്തു..ഇക്കണക്കിന്‌ കോഴ്സ്‌ തീരാൻ എത്ര നാൾ എടുക്കുമെന്നു ആലോചികുകയായിരുന്നു ഞാൻ.."

ഒ‍ാഹൊ..അപ്പൊൾ നോട്ടതിന്റെ അർത്ഥം അതായിരുന്നോ?....

ഞാനും ടീച്ചറും തമ്മിൽ പഠനഗുസ്തി ഇവിടെ ആരംഭിക്കുന്നു...
ഞാൻ എന്തൊ തമാശ പറഞ്ഞു....
ടീച്ചറുടെ മറുപടി ഇങ്ങനെയായിരുന്നു
"ചേട്ടൊ...പഠിക്കുന്ന നേരത്ത്‌ തമാശയൊന്നും വെണ്ട..ചേട്ടന്‌ പ്രായം കുറെയായില്ലേ?ഭാര്യയും മക്കളുമൊക്കെയില്ലേ? മൂരിശ്രംഗാരമൊന്നുമെ എന്റെയടുത്തു വെണ്ടാ കെട്ടൊ..."

ഇതു ഒരു നടയ്ക്ക്‌ പോകൂല്യാ എന്നെനിക്ക്‌ മനസ്സിലായി...
അല്ലെങ്കിലും എനിക്കിത്‌ വേണം...ഈ വയസ്സുകാലത്ത്‌ ഒരു സൊ‍ാക്കടെ!!അതും ഭാര്യയൊട്‌ നുണയും പറഞ്ഞുകൊണ്ട്‌ ഇറങ്ങിയിരിക്കുന്നു..അപ്പൊൾ ഇതൊക്കെ കിട്ടണ്ടെ? പിന്നെ ഞാനൊർത്തു ...ഇതൊക്കെ നമുക്കൊരു വിഷയമാണോ?
കൊക്കെത്ര കുളം കണ്ടൂ......

പിന്നെ ഞങ്ങൾ തമ്മിൽ പൊരിഞ്ഞ വഴക്കാണ്‌ ദിവസവും...
എന്നും ആദ്യം തലേന്നു പഠിപ്പിച്ചത്‌ ചെയ്തു കാണിക്കണം
എനിക്കുണ്ടൊ കിട്ടുന്നു.. .ടീച്ചർ അസ്സൽ ചീത്ത പിണക്കം..
ഞാൻ പറയും"ഞാനൊരു ഉദ്യോഗസ്തനാണ്‌..എന്നൊട്‌ മര്യാദരൂപത്തിൽ പെരുമാറണം" എന്നു
"ആരായാലും വെണ്ടില്ല താങ്കൾ എനിക്കൊരു സ്റ്റുഡന്റ്‌ മാത്രമാണ്‌..ക്രുത്യമായി പഠിക്കണമെന്നു എനിക്ക്‌ നിർബന്ധമാണ്‌" എന്നു
എനിക്‌ ദേഷ്യം വരാതിരിക്കുമോ? എന്റെ അദ്യാപകരിൽനിന്ന്പോലും എനിക്ക്‌ സ്നേഹ ബഹുമാനങ്ങൾ ലഭിച്ചിട്ടെയുള്ളൂ...
നിരവധി കുട്ടികളെ ഞാൻ പഠിപ്പിച്ചു ജയിപ്പിച്ചിട്ടുണ്ട്‌..
.എന്നിട്ടിപ്പോൾ ഒരു ഞളുന്ത്‌[ചെറിയ] പെണ്ണു എന്നെ ചീത്ത പറയുന്നു..
എനിക്കു സഹിക്കുമോ?

ചേട്ടൻ ഒരു മരമണ്ടൻ കുട്ടിയാണെന്ന് ടീച്ചർ

തനിക്ക്‌ പഠിപ്പിക്കൻ അറിയില്ലെന്നു ഞാൻ...
അങ്ങനെ ഗുസ്തിയുമായി ഞങ്ങൾ കീരിയും പാമ്പുമായി പഠനം തുടർന്നു..

ദോഷം പറയരുതല്ലോ..ടീച്ചർ പഠിപ്പിക്കുന്നത്‌ ഞാൻ മൂന്നു ദിവസമെങ്കിലും എടുക്കും ചെയ്തു കാണിക്കാൻ
അപ്പോഴെക്കും ആ കുട്ടി സഹികെട്ട്‌ "മതി അടുത്ത ലെസ്സൻ എടുക്കാം "എന്നു പറയും

അങ്ങനെ കാര്യങ്ങൾ നീങ്ങുന സമയത്താണ്‌ എന്റെ സ്കൂട്ടർ ദിവസവും രാവിലെ ഇൻസ്റ്റിറ്റൂട്ടിനു മുൻപിൽ ഇരിക്കുന്ന കണ്ട്‌ എന്റെ ഒരു കസ്സിൻ സ്പൈ ചമയുന്നത്‌ ..
ടീയാൻ ദിവസവും രാവിലേയുള്ള ഈവനിംഗ്‌ വാക്കിനിടയിലാണ്‌ ഇക്കാര്യം ശ്രദ്ധിക്കുന്നത്‌...കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലാക്കിയ അസൂയാലുവായ കക്ഷി ഇക്കാര്യം എന്റെ ഭാര്യയുടെ ചെവിയിൽ എത്തിക്കുന്നു.
.ഒരു ദിവസം വൈകീട്ട്‌ വന്നപ്പൊൾ ഭാര്യ കലി തുള്ളി നിൽക്കുന്നു..
എന്തൊ കുഴപ്പമുണ്ടെന്നു മനസ്സിലായി...
എന്തായാലും വരട്ടെ നോക്കാം എന്നു ഞാൻ വിചാരിച്ചു

ഞാൻ ടി വിക്കു മുന്നിൽ തപസ്സ്‌ ആരംഭിച്ചു.....



[സത്യമായിട്ടും അടുത്ത തവണയോടെ തീർത്തേക്കാം...]


Saturday, October 18, 2008

കമ്പ്യൂട്ടർ കഥ.....രണ്ട്‌....

കമ്പ്യൂട്ടർ കഥ.....രണ്ട്‌....


രാവിലെ തന്നെ പിറ്റേന്ന് കുളിച്ച്‌ റെഡിയായി പുറത്തേക്കിറങ്ങുമ്പോൾ ഭാര്യ ചോദിച്ചു
"എങ്ങോട്ടാ രാവിലെ തന്നെ?"
"അമ്പലത്തിലേക്ക്‌..."
"എന്താ പതിവില്ലാതെ?"
"എടീ ഒരു വഴിപാടുണ്ട്‌....മൂന്നു മാസം രാവിലെ തൊഴാൻ പോണം...കൂടുതലൊന്നും ചോദിക്കരുത്‌...ബാക്കി വന്നിട്ടു പറയാം.."ഞാൻ ചാടിയിറങ്ങി...

ഭാര്യയോട്‌ പറഞ്ഞാൽ എന്താ കുഴപ്പം എന്ന് നിങ്ങൾ കരുതാം...കാരണമുണ്ട്‌..
.എന്തു പറഞ്ഞാലും അതിനെ എതിർക്കുന്ന സ്വഭാവക്കാരിയാണ്‌...
എന്നാലും കുഴപ്പമില്ല..പക്ഷെ അസ്സൽ കരിനാക്കിയാണ്‌...
എത്തിർത്ത്‌ എന്തെങ്കിലും പറഞ്ഞാൽ തീർന്നു..
പിന്നെ ആ വഴിക്ക്‌ പോയിട്ട്‌ കാര്യമില്ല...
ഞാൻ കമ്പ്യൂട്ടർ ക്ലാസ്സിൽ പോവുകയാണെന്ന് പറഞ്ഞാൽ
മറുപടി ഇങ്ങനെയായിരിക്കും..
"കമ്പ്യൂട്ടറോ?..നിങ്ങൾക്ക്‌ വയസ്സുകാലത്ത്‌ എന്തിന്റെ സുഖക്കേടാ..അവിടെ ഇരിക്ക്‌ മനുഷ്യാ...അതിനൊന്നും പോകണ്ടാ.."
തീർന്നു കമ്പ്യൂട്ടർ സെന്റർ അതോടെ തകർന്ന് തരിപ്പണമായിട്ടുണ്ടാകും...."

ഞാൻ ഭാര്യയെ ഇങ്ങനെ " പുകഴ്ത്തിയതു " ചിലർക്കെങ്കിലും ഇഷ്ടമായിട്ടുണ്ടാകില്ല..ക്ഷമിക്കുക ..
പക്ഷെ അതു സത്യമാണ്‌...
എല്ലാം എത്തിർക്കുന്ന സ്വഭാവം എന്റെ ഭാര്യക്ക്‌ മാത്രമുള്ളതാണെന്ന് ഞാൻ കരുതിയിരുന്നു...പക്ഷെ ഏതാണ്ട്‌ എല്ലാ ഭാര്യമാരും ഇങ്ങനെയാണെന്നു പിന്നെ മനസ്സിലായി.
.[അനേഷിച്ചറിഞ്ഞതാണ്‌..എതിരഭിപ്രായക്കാർ ക്ഷ്മിക്കുക..]

ഒരു ഇംഗ്ലീഷ്‌ ഫലിതം വായിച്ചു..
ഭർത്താവു പറയുന്ന എല്ലറ്റിനേയും എതിർക്കുന്ന ഭാര്യ....എന്തൊ പ്രശ്നം വന്നപ്പോൾ ഭർത്താവ്‌ ചോദിച്ചു
"എന്താ നിന്റെ അഭിപ്രായം"
ഭാര്യ പറഞ്ഞു.."മനുഷ്യാ ആദ്യം നിങ്ങൾ അഭിപ്രായം പറയൂ..എന്നാലല്ലേ എനിക്ക്‌ അതിന്‌ എതിർ അഭിപ്രായം പറയാൻ കഴിയൂ.."



എന്റെ സ്ക്കൂട്ടർ കമ്പ്യൂട്ടർ സെന്റരിലേക്ക്‌ കുതിച്ചു......


.[ബാക്കി നാളെ...ഭയങ്കര മടി......!! ]

Tuesday, October 14, 2008

ഞാൻ കമ്പ്യൂട്ടർ പഠിച്ച കഥ:::ടീച്ചറുടേയും.......ഒന്ന്...



വളരെ കാലമായി വിചാരിക്കുന്നു കമ്പ്യൂട്ടർ പഠിക്കണമെന്ന്..
."കാലത്തിന്റെ മുഖാക്രുതി മാറ്റിയ ' കമ്പ്യൂട്ടർ പഠിച്ചില്ലെങ്കിൽ മോശമല്ലേ? അൽപ്പം ആധുനികനാകണ്ടേ?...
പക്ഷെ " അലക്കൊഴിഞ്ഞ്‌ കാശിക്ക്‌ പോകാൻ നിവൃത്തിയില്ല"
എന്നതാണു അവസ്ത..
ജോലിത്തിരക്ക്‌ അത്രക്കുണ്ട്‌...

.ഞങ്ങളുടെ നാട്ടിലെ ഒരു അലക്കുകാരൻ ഒടുവിൽ കാശിക്കു പോയി..കക്ഷി അലക്കാനുള്ളതെല്ലാം കൂടെ കൊണ്ടു പോയത്രെ!!
എന്നിട്ട്‌ അതെല്ലാം അലക്കി കൊണ്ടുവന്നത്രെ!!
അങ്ങനെ കാശിക്കും പോയി അലക്കും മുടങ്ങിയില്ല...പറഞ്ഞു കേട്ടതാണു..

അങ്ങനെയിരിക്കെ രാവിലെ പത്രത്തിനോടൊപ്പം ഒരു നോട്ടീസ്‌..
.നാട്ടിലെ---2 കിലോമീറ്റർ പോകണം--- പഴയ ടൈപ്പ്‌ റൈറ്റിംഗ്‌ ഇൻസ്റ്റിറ്റൂട്ടിൽ കമ്പ്യൂട്ടർ ക്ലാസ്‌ ആരംഭിക്കുന്നു..ഒന്നും നോക്കിയില്ലാ,,
ഞാൻ നേരെ അങ്ങോട്ട്‌ വിട്ടു...ജങ്ങ്ഷനിലെ തിരക്കിൽ നിന്നു മാറി ഒട്ടും തിരക്കില്ലാത്ത ഒരിടത്ത്‌ ഒരു പഴയ കെട്ടിടം..
താഴെ 2കടകൾ..മുകളിലേക്ക്‌...മരത്തിന്റെ ഗോവണിപ്പടികൾ
സൂക്ഷിച്ചു കയറണം..അല്ലെങ്കിൽ താഴെക്കു പോകും..
ഒരു പട്ടാളക്കാരനായ എന്റെയൊരു സുഹ്രുത്തിന്റെയാണു ഇൻസ്റ്റിറ്റൂട്ട്‌..
ഞാൻ മുകളിലെത്തി...ഒരു പഴഞ്ചൻ കെട്ടിടം..
താഴെ .നിറയെ പ്രാവുകൾ കാഷ്ടിച്ചിരിക്കുന്നു.
..ആദ്യത്തെ മുറിയിൽ അനാഥരായ വൃദ്ധരെപ്പോലെ വിഷാദമഗ്നരായിരിക്കുന്ന കുറെ പഴയ ടൈപ്‌ റൈറ്ററുകൾ..
ഒരിക്കലും വരാത്ത ആരെയോ കാത്തിരിക്കുന്നവർ..

."ഇവിടെ ആരുമില്ലേ?" ഞാൻ മുരടനക്കി..

അടുത്ത മുറിയിൽ നിന്നു ഒരു പെൺകൂട്ടി എത്തി നോക്കി.
..ഒരു മെലിഞ്ഞപെൺകുട്ടി..വലിയ ചന്തമൊന്നുമില്ല..
പക്ഷെ വലിയ ഭംഗിയുള്ള കണ്ണുകൾ..
അതാണു ആദ്യം ശ്രദ്ധയിൽ പെടുക...
"മാനേജർ എവിടെ?" ഞാൻ ചോദിച്ചു.
"ഞാൻ തന്നെയാണ്‌ മാനേജർ", ആ കുട്ടിയുടെ മറുപടി.

ഞാൻ വിവരങ്ങൾ ചോദിച്ചു കാര്യങ്ങൾ തീരുമാനിച്ചു.

രാവിലെ 7 മുതൽ 8വരെ ക്ലാസ്‌
3 മാസത്തെ എം എസ്‌ ഓഫീസ്‌ കോഴ്സ്‌..
എന്റെ കൂടെ മറ്റ്‌ സ്റ്റുഡൻസ്‌ പാടില്ല...
പരീക്ഷ വേണ്ട..

"ആരാണ്‌ ക്ലാസ്‌ എടുക്കുന്നത്‌?" ഞാൻ ചോദിച്ചു.
"ഞാൻ തന്നെ.."ആ കുട്ടിയുടെ മറുപടി
ഡിസംബറിന്റെ ആരംഭം...തണുപ്പ്‌ ആരംഭിച്ചുകഴിഞ്ഞു..
.ഞാനൊന്ന് കുളിർത്തു..മഞ്ഞുകാലത്തെ കുളിരോലുന്ന പ്രഭാതത്തിൽ ഒറ്റക്ക്‌ ഒരു പെൺകുട്ടിയുടെ അടുത്തിരുന്ന് പഠിക്കുക.
അതും ഒരു ഈച്ച പോലുമില്ലാത്ത ഏരിയായിൽ.....
എന്തൊക്കെയാണ്‌ സംഭവിക്കുവാൻ പോകുന്നത്‌?.
..ഈശ്വരനറിയാം..

. "എത്ര സ്റ്റുഡൻസ്‌ ഉണ്ട്‌?"
"ആരുമില്ല...ചേട്ടനാണ്‌ ആദ്യത്തെ കമ്പ്യൂട്ടർ സ്റ്റുഡന്റ്‌.."
ഞാൻ വീണ്ടുമൊന്ന് കുളിർത്തു...
"ഫീസുമായി നാളെ രാവിലെ 7 മണിക്ക്‌ വന്നോളൂ.."

ഞാനപ്പോൾ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമുണ്ട്‌.....
ആ കുട്ടിയുടെ മുഖത്ത്‌ യാതൊരു ഭാവവുമില്ല ...
തികച്ചും നിർവ്വികാരം..
.ഒരു കരിങ്കൽ പ്രതിമ പോലെ...
.അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ഉത്സാഹത്തോടെ ഗോവണിപ്പടികൾ ഇറങ്ങി...

ഇനി നാളെ....