Saturday, July 5, 2008

വാടകവീട്ടിലെ വിഭ്രമങ്ങള്‍

വലിയൊരു വീടായിരുന്നു വാടകവീട്‌.മുന്‍ വശവും പിന്‍ വശവുമായി തിരിച്ചിരിക്കുന്നു.സൗകര്യം കൂടുതലുള്ളതു കൊണ്ട്‌ ഞാന്‍ പിന്‍ഭാഗം തെരഞ്ഞെടുത്തു.കോളിംഗ്‌ ബെല്ലാകട്ടെ ഞങ്ങളുടെ മുറിയിലും.ആരെങ്കിലും മുന്‍വശത്തുവന്ന് ബെല്ലടിച്ചാല്‍ വീട്‌ വലം വച്ച്‌ വേണം മുന്‍ഭാഗത്തെത്തി ആരാണെന്ന് നോക്കാന്‍.മുന്‍ഭാഗത്ത്‌ താമസക്കാര്‍ ആരുമില്ല. സാധനങ്ങളെല്ലാം ഓരോ സ്ഥലത്ത്‌ വലിച്ചു വാരിയിട്ടു.നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട്‌ നേരത്തേ ഉറക്കമായി.കോളിംഗ്‌ ബെല്ല് തുടര്‍ച്ചയായി അടിക്കുന്നത്‌ കേട്ട്‌ ഞാനുണര്‍ന്നു.സമയം നോക്കി.രാത്രി പന്ത്രണ്ട്‌ മണി.ബെല്ല് തുടര്‍ച്ചയായി അടിക്കുകയാണ്‌. അതും റിംഗ്‌ ചെയ്യുകയല്ല, പകരം ഒരു ശബ്ദമാണ്‌-"പ്ലീസ്‌ ഓപ്പണ്‍ ദ്‌ ഡോര്‍"-. ഇതിങ്ങനെ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.ഏതോ വിദൂരതയില്‍നിന്ന് വരുന്ന പോലെ ചിലമ്പിച്ച ഈ ശബ്ദം കേട്ടാല്‍ പകല്‍ പോലും നമുക്കൊരു ഭയം തോന്നും.പിന്നെ രാത്രി പന്ത്രണ്ട്‌ മണിയിലെ കാര്യം പറയണോ?അതും ആ പഴയ തറവാട്ടില്‍ ചെന്നിട്ട്‌ ആദ്യരാത്രിയാണ്‌...ഞാന്‍ കുറച്ചുനേരം കാതോര്‍ത്തു.ബെല്‍ നിലക്കുമോ, ആരെങ്കിലും വിളിക്കുമോ എന്നൊക്കെയറിയാന്‍.ഇനി വല്ല കള്ളന്മാരുമാണെങ്കിലോ? വാതില്‍ തുറന്ന് പുറത്തിറങ്ങുന്നത്‌ അപകടകരമാണ്‌.ഇനി രാത്രി ഗ്യാങ്ങുകള്‍ വല്ലവരും പേടിപ്പിക്കാന്‍ ചെയ്യുന്നതാണെങ്കിലും പ്രശ്നമാണ്‌.കയ്യില്‍ ടോര്‍ച്ചില്ല എന്ന സത്യം ഞാനോര്‍ത്തു.വാടകവീടായതുകൊണ്ട്‌ വീടിനു ചുറ്റും ബള്‍ബിട്ടിട്ടില്ല. "ചുറ്റും ബള്‍ബിടണം.പാമ്പിന്റെ ശല്യമുണ്ട്‌."എന്നൊക്കെ തൊട്ടയല്‍പക്കത്തെ പോളി പറഞ്ഞിരുന്നു.അതെല്ലാം പിന്നീടാകാം എന്ന് ഞാന്‍ പറയുകയും ചെയ്തു.ബെല്‍ വീണ്ടും ശബ്ദിക്കുകയാണ്‌-പ്ലീസ്‌ ഓപ്പണ്‍ ദ്‌ ഡോര്‍-. പരിചയക്കാരോ ബന്ധുക്കളോ ആരെങ്കിലുമാണെങ്കില്‍ പേരുപറഞ്ഞ്‌ വിളിച്ചുകൂടെ.അപ്പോള്‍ ഇത്‌ എന്തോ ചുറ്റിക്കളിയാണ്‌.ഞാന്‍ ലൈറ്റിട്ടു. ജനല്‍ പാളി തുറന്ന് ഉറക്കെ ചോദിച്ചു."ആരാത്‌?" മറുപടിയില്ല.പകരം നിലയ്ക്കാത്ത കോളിംഗ്‌ ബെല്‍ മാത്രം.ഭയം വല്ലാതെ അരിച്ചുകയറി.ഒരുവശത്തെ അയല്‍ വീടൊഴിച്ചാല്‍ പിന്‍ഭാഗം വലിയ പറമ്പാണ്‌.ഒച്ചയെടുത്തിട്ട്‌ കാര്യമില്ല.ഞാന്‍ മൊബൈല്‍ എടുത്തു.അയല്‍പക്കത്തെ പോളിയെ വിളിച്ചു.ഭാഗ്യം!പോളി ഉണര്‍ന്നു.ഞാന്‍ വിവരം ധരിപ്പിച്ചു. പോളിയുടെ ഇറയത്തു നിന്നാല്‍ ഈ വീടിന്റെ മുറ്റം കാണാം.ലൈറ്റിട്ടാല്‍ മതി.ആരീങ്കിലുമുണ്ടെങ്കില്‍ അറിയാം.പോളി ലൈറ്റിട്ടു. വാതില്‍ തുറന്നു നോക്കി.
"മുന്‍ ഭാഗത്തും മുറ്റത്തും ആരുമില്ല.ഏതായാലും ഞാന്‍ കുറേ നേരം വാച്ച്‌ ചെയ്യാം.കുറേ കഴിഞ്ഞിട്ട്‌ കിടന്നാല്‍ മതി."പോളി പറഞ്ഞു.ഞാന്‍ വാക്കത്തിയും കയ്യില്‍ പിടിച്ച്‌ ഇരിപ്പാണ്‌-ആരെങ്കിലും വന്നാല്‍ ശരിയാക്കിക്കളയും എന്ന ഭാവത്തില്‍.അതിനിടയില്‍ ഭാര്യ ഉണര്‍ന്നു.അവള്‍ പേടിച്ച്‌ വിറയ്ക്കുകയാണ്‌.ബെല്‍ വീണ്ടും അടിച്ചുകൊണ്ടിരിക്കുന്നു."ആരാ" അവള്‍ വിറച്ചു കൊണ്ട്‌ ചോദിച്ചു."അറിഞ്ഞുകൂട" ഞാന്‍ പറഞ്ഞു.പെട്ടെന്ന് ബെല്‍ ശബ്ദം നിലച്ചു.കുറച്ച്‌ ആശ്വാസമായി.അതോടെ ഭയം കുറഞ്ഞു.എന്നാലും ഭീതി ഒഴിയാതെ ഏറെ നേരം ഞാന്‍ ഉണര്‍ന്നിരുന്നു.പിന്നെ ഉറങ്ങിപ്പോയി.ഉറക്കത്തിലെപ്പോഴെങ്കിലും ബെല്‍ അടിച്ചതായി തോന്നിയില്ല.നേരം വെളുത്ത്‌ പോളി വന്നു.ഞങ്ങള്‍ നോക്കി-ഗേറ്റ്‌ അടച്ചിരിക്കുകയായിരുന്നു.വൈകീട്ട്‌ മഴ പെയ്തതിനാല്‍ മുറ്റത്ത്‌ കാല്‍പ്പാടുകളുമില്ല....പിന്നെ ആര്‌?കോളിംഗ്‌ ബെല്‍ തന്നെ അടിക്കുന്നതെങ്ങനെ?"വല്ല ഷോര്‍ട്‌ സര്‍ക്യൂട്ട്‌ പ്രശ്നമാകും"പോളി പറഞ്ഞു."അങ്ങനെയാവാനാണു സാധ്യത"ഞാനും പറഞ്ഞു.എങ്കിലും വല്ലാത്ത അസ്വസ്ഥത.ഇനി വല്ല പ്രേതബാധയോ മറ്റോ ആണോ?പഴയ തറവാടല്ലേ...അവിടത്തെ പുരാതന ആത്മാക്കള്‍ക്ക്‌ അന്യന്‍ ഒരുത്തന്‍ കുടിയേറിയത്‌ ഇഷ്ടപ്പെടാതെ ഒന്നു വിരട്ടിയതാണൊ?ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാനിരുന്നു.പെട്ടന്ന് കോളിഗ്‌ ബെല്‍ അടിക്കാന്‍ തുടങ്ങി.ഞാന്‍ മുന്‍ വശത്തേക്ക്‌ ഓടി.ആരുമില്ല!കോളിഗ്ബെല്‍ അടിച്ചുകൊണ്ടിരിക്കുകയാണ്‌.ഞാന്‍ ബെല്ലൊന്നു പരിശോധിക്കാന്‍ തീരുമാനിച്ചു.ഫാന്‍സിബെല്ലാണ്‌.ഷോക്ക്‌ വല്ലതുമുണ്ടൊ എന്നു പേടി.പതുക്കെ ഒരു കോലെടുത്ത്‌ ഒന്നു കുത്തി നോക്കി.ബെല്ലിനടിയില്‍നിന്ന് ഒരു പല്ലി ഓടിപ്പോയി.അതോടെ ബെല്ലടി നിന്നു.അതേവരെയുണ്ടായ ഭയം നല്ലൊരു ചിരിക്ക്‌ വഴി മാറി.ഞാന്‍ ബെല്‍ അഴിച്ചു മാറ്റി.അതോടെ ബാധ ഒഴിവായി.

11 comments:

പാമരന്‍ said...

:)

Shaf said...

:) :)

Unknown said...

very good

siva // ശിവ said...

എനിക്കു തോന്നുന്നത് ആ പല്ലി ഡ്രാക്കുളയായിരിക്കും (ബ്രോം സ്റ്റോക്കറുടെ)...നോക്കിക്കോളൂ...ഇന്ന് രാത്രി അത് വരും ഒരു ചെന്നായ ആയി...ഹ ഹ ഹ...

സസ്നേഹം,

ശിവ

ജിജ സുബ്രഹ്മണ്യൻ said...

അതു കൊള്ളാം !! പാവം പല്ലിക്കു എവിടേലും ഇരിക്കണ്ടെ.അനുഭവം രസിപ്പിച്ചു കേട്ടൊ...

ഈ വേഡ് വെരി വേണം എന്നു നിര്‍ബന്ധം ഉണ്ടോ ആശാനേ ???

ഗോപക്‌ യു ആര്‍ said...

നന്ദി...പാമരന്‍...ഷാഫ്‌...രമാ....
ശിവാ...എനിക്ക്‌ 3 കാര്യങ്ങളാണു പേടി
1-പാമ്പ്‌.
.2-പട്ടി...
3 മനുഷ്യന്‍...
.പ്രേതത്തെ പേടിയില്ലാ...
.കാന്താരികുട്ടി..
.ഞാനാ കുരിശ്‌ എടുത്തുകളഞ്ഞതാണല്ലൊ.
.പിന്നെയും വന്നൊ? നോക്കട്ടെ!
പക്ഷെ എന്റെതില്‍ ഇല്ല..
.എല്ലാവര്‍ക്കും നന്ദി...

ഗോപക്‌ യു ആര്‍ said...
This comment has been removed by the author.
ഏറനാടന്‍ said...

ഗോപക് യൂആര്‍, പ്രേതബാധക്കഥ തരിച്ചിരുന്നു വായിച്ചു. അല്ലേലും പ്രേതവും പല്ലിയും തമ്മില്‍ അഭേത്യമായ ബന്ധം പണ്ടുകാലം മുതല്‍ക്കേ ഉള്ളതാ..

OAB/ഒഎബി said...

ഗൊപക്...എന്റെ വീട്ടില്‍ ആ ബെല്ല് ഉണ്ടായിരുന്നു. ഒരു മഴക്കു മുന്‍പെയുള്ള ഇഠിയില്‍ അവസാന ആവശ്യം വിളിച്ച് പറഞ്ഞു അവള്‍ ഇഹലോക വാസം പൂണ്ടു. രാത്രികളില്‍ വല്ലാതെ ശല്യം ചെയ്തിരുന്നു അവള്‍.

പ്രിയത്തില്‍ ഒഎബി.

ശ്രീ said...

ഹഹ. പല്ലി ബാധ കൊള്ളാം മാഷേ. കുറച്ചു പേടിച്ചു അല്ലേ?
:)

ഗോപക്‌ യു ആര്‍ said...

ഏറനാഡന്‍...ഒ എ ബി....സന്തൊഷം
ശ്രീ...സത്യത്തില്‍ പേടിച്ചു..
.സംഭവം എന്താണെന്ന് ഒരു പിടിയുമില്ലല്ലൊ?
അതും പാതിരക്ക്‌
...പോരെങ്കില്‍ ലൈറ്റുമില്ല.
.പോരെ പൂരം!