Friday, May 2, 2008

രണ്ടാമത്തെ രാത്രി-ആദ്യരാത്രി














ആദ്യരാത്രിയെക്കുറിച്ച്‌ എത്രയെത്ര കടും നിറം പിടിപ്പിച്ച കഥകളാണ്‌ പ്രചരിച്ചിട്ടുള്ളത്‌.ഒരു അവിവാഹിതന്‍ എത്രയോ കാലം തന്റെ ദിവാസ്വപ്നങ്ങളില്‍ താലോലിച്ചിടുന്നതാണ്‌ ആദ്യരാത്രി. ആദ്യരാത്രി,മധുവിധുരാത്രി,സ്വര്‍ഗീയരാത്രി എന്നെല്ലാം എത്രയോ മനോഹരവര്‍ണനകള്‍.ആരും അതില്‍ ലയിച്ചുപോകും.അയാളുടെയും അനുഭവം മറ്റൊന്നല്ല.വിവാഹത്തിനുമുന്‍പേ എത്രയോ കാലം ആദ്യരാത്രിയെക്കുറിച്ച്‌,ആദ്യമായി ജീവിതം പങ്കിടാന്‍ മുറിയിലെത്തുന്ന സ്ത്രീയെകുറിച്ച്‌, എത്രയോ ആലോചിച്ചിരിക്കുന്നു.ഇപ്പോഴിതാ വിവാഹം നിശ്ചയിച്ചിരിക്കുന്നു.വിവാഹത്തിന്‌ വളരെകുറച്ചു ദിവസങ്ങള്‍ മാത്രം. ആകെ തിരക്ക്‌,വേവലാതി,ടെന്‍ഷന്‍.കുറച്ച്‌ പണമുണ്ടാക്കണം.കാര്യങ്ങള്‍ നടത്തണം.ഒരു കാര്യം മനസ്സിലായി കാര്യത്തോടടുത്തപ്പോള്‍ സഹായികള്‍ കുറവ്‌. എല്ലാം സ്വയം നടത്തേണ്ട അവസ്ഥ.സദ്യ ഏര്‍പ്പാടുചെയ്യല്‍,വാഹനം ബുക്ക്‌ ചെയ്യല്‍,വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങല്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍.വലിയ കാര്യങ്ങളോടൊപ്പം ചെറിയ കാര്യങ്ങളും ധാരാളം. വളരെയധികം ശ്രദ്ധവേണം.അല്ലെങ്കില്‍ ധാരാളം പാളിച്ചകള്‍ സംഭവിക്കാം.എല്ലാ പരിപാടികള്‍ക്കും എല്ലാവര്‍ക്കും എന്തെങ്കിലും പാളിച്ചകള്‍ പറ്റിയിട്ടുണ്ട്‌.പിന്നെ ഇതൊക്കെ നടത്തി പരിചയമില്ലാത്തയാളാകുമ്പൊഴോ?കല്ല്യാണം അടുക്കുന്തോറും തിരക്കുകൂടി. പലരേയും ക്ഷണിക്കാന്‍ വിട്ടുപോയതായി മനസ്സിലായി.സീസണ്‍ ആയതുകൊണ്ട്‌ ഹാളും വാഹനവും കിട്ടാത്ത അവസ്ഥ.അതിനായി നെട്ടോട്ടം... ആകെ ഓടിപ്പാച്ചില്‍.തലേന്ന് ഒരു മിനിറ്റ്‌ പോലും വിശ്രമമില്ല... ബന്ധുക്കളുടെ വരവ്‌.എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം.മറ്റുള്ളവര്‍ക്ക്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.മറ്റുള്ളവരെ ഏല്‍പിക്കുന്നകാര്യങ്ങള്‍ അവര്‍ മിക്കവാറും കുളമാക്കും എന്നുറപ്പാണല്ലോ.രാത്രി ഒന്നുറങ്ങാന്‍ പോലും കഴിഞ്ഞില്ല.കല്ല്യാണദിവസം.രാവിലെ തിരക്കിട്ട്‌ റെഡിയായി യാത്ര. വധുവിന്റെ വീട്ടിലെത്തി.കല്ല്യാണം മംഗളമായി കഴിഞ്ഞു.നിരവധിപേരായി പരിചയപ്പെടല്‍.തിരിച്ച്‌ സ്വന്തം വീട്ടിലേക്ക്‌-കുടികേറിപ്പാര്‍ക്കല്‍- വീണ്ടും വധുവിന്റെ വീട്ടിലേക്ക്‌.അവിടേയും പാര്‍ട്ടി.വളരെ വൈകി പരിചയപ്പെടാനെത്തുന്ന നിരവധി പേര്‍.പിന്നെ എല്ലാവരുമായി ഒത്തുകൂടല്‍.വധുവിന്റെ ബന്ധുക്കള്‍ ഓരോരുത്തരായി പരിചയപ്പെടല്‍.ശരീരം ആകെത്തളര്‍ന്ന അവസ്ഥ.ഉറക്കക്ഷീണം സഹിക്കവയ്യ.കണ്ണുകള്‍ താനേ അടഞ്ഞുപോകുന്നു.കിടക്കാനായി മുറിയിലെത്തിയപ്പോള്‍ പന്ത്രണ്ടുമണിയോളമായി.അത്ഭുതം.വധു മണിയറയില്‍ സുന്ദരമായി ഉറങ്ങുന്നു.കുലുക്കിവിളിച്ചപ്പോള്‍ അവള്‍ ഞെട്ടിത്തെറിച്ച്‌ ഉണര്‍ന്നു.പിന്നെ പകുതി ഉറക്കത്തില്‍ പറഞ്ഞു."വയ്യ ഭയങ്കരക്ഷീണം.ഉറങ്ങിയിട്ട്‌ രണ്ട്‌ ദിവസമായി.ഞാന്‍ ഉറങ്ങട്ടെ.പാല്‍ അവിടെ മൂടി വച്ചിട്ടുണ്ട്‌." വധു വെട്ടിയലച്ചെന്നപോലെ കിടക്കയില്‍ വീണുറക്കമായി.എന്തു ചെയ്യാന്‍,സ്വപ്നങ്ങള്‍ കണ്ടുകൂട്ടിയ ആദ്യരാത്രിപോയി തുലയട്ടെ.രണ്ടാമത്തെ രാത്രിയാകാം ആദ്യരാത്രി.അയാളും കിടക്കയിലേക്ക്‌ വീണു.രണ്ടു പേരും തിരിഞ്ഞുകിടന്നുറങ്ങി.

2 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വായിക്കുവാനു വൈകിയെങ്കിലും കഥയൊ അനുഭവമോ എന്തുതെന്നെ യായാലും ഗംഭീരമായി!