Friday, May 16, 2008

അര്‍ദ്ധരാത്രിയിലെ സൈക്കിള്‍ അപകടം

ഗ്രാമീണ ഭംഗി നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്താണ്‌ ഇന്റര്‍നാഷനല്‍ എയര്‍ പോര്‍ട്ട്‌.ഒരു വശം റെയില്‍ വേ ട്രാക്കാണ്‌.ട്രാക്കിനടുത്തു കൂടെ റോഡ്‌.ഈ റോഡ്‌ കുപ്രസിദ്ധമാണ്‌.പിടിച്ചു പറിക്കാര്‍ ചിലപ്പോള്‍ കാണും.ചിലപ്പോളൊക്കെ അനാഥ ശവങ്ങളും.ആത്മഹത്യ ചെയ്യാന്‍ പറ്റിയ സ്ഥലമായതു കൊണ്ട്‌ റെയില്‍ വേ ട്രാക്ക്‌ പലരും ആത്മഹത്യപോയിന്റ്‌ ആയി തെരഞ്ഞെടുത്തിരിക്കുകയാണെന്ന് തോന്നും.ചിന്നിച്ചിതറിയ മാംസക്കഷ്ണങ്ങള്‍ ചിലപ്പോളൊക്കെ ട്രാക്കില്‍ രക്തപുഷ്പങ്ങള്‍ പോലെ ചിതറിക്കിടക്കുന്നത്‌ കാണാം.എയര്‍പോര്‍ട്ടിന്‌ മുന്‌വശമുള്ള പുതിയ സ്റ്റാര്‍ ഹോട്ടലില്‍ ജോലി കഴിയുമ്പോള്‍ പാതിരാ കഴിയും. ഹോട്ടലില്‍ താമസസൗകര്യം നല്‍കിയിട്ടുണ്ട്‌.എങ്കിലും എനിക്കിഷ്ടം പതിരാത്രിയുടെ തണുപ്പും കറുത്ത സൗന്‍ദര്യവും ആസ്വദിഛുകൊണ്ടുള്ള ബൈക്ക്‌ യാത്രയാണ്‌. വീട്ടില്‍ പതിനഞ്ചുമിനിട്ടുകൊണ്ടെത്താം.മിക്കവാറും അച്‌ഛനായിരിക്കും വാതില്‍ തുറക്കുക. സ്നേഹപൂര്‍വം എന്തെങ്കിലും ശാസിക്കാതിരിക്കില്ല അച്‌ഛന്‍."നിനക്കാ കോട്ടിട്ടുകൂടേടാ തണുപ്പടിക്കാതെ." എന്നോ മറ്റോ എന്തെങ്കിലും പറയാതിരിക്കില്ല. ഈ ശാസന സ്നേഹത്തിന്റേയും എന്റെ ആരോഗ്യത്തിന്റേയും ഉത്‌കണ്ഠാ പ്രകടനമാണെന്നെനിക്കറിയാം. ഭക്ഷണം ഹോട്ടലില്‍നിന്നു കഴിക്കുന്നതിനാല്‍ നേരേ കിടന്നാല്‍ മതി.അന്നു രാത്രി-അതെ അന്നു രാത്രി-എനിക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത രാത്രി.ഹോട്ടലില്‍ നിന്ന് ഭക്ഷണത്തോടൊപ്പം ഒരു സ്റ്റാഫിന്റെ പാര്‍ട്ടി കാരണം അല്‍പം മദ്യപിച്ചിരുന്നു ഞാന്‍. കാര്യമായിത്തന്നെ മദ്യപിച്ചിരുന്നു എന്നാണ്‌ സഹപ്രവര്‍ത്തകര്‍ പിന്നീട്‌ പറഞ്ഞത്‌.രാത്രി ബൈക്കിന്‌ പോകേണ്ടെന്ന് അവര്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു."എത്ര കഴിച്ചാലും എനിക്കൊരു കുഴപ്പവുമില്ലെടെ."എന്ന് വീമ്പിളക്കിക്കൊണ്ടാണ്‌ ഞാനിറങ്ങിയത്‌.നിലാവുപോലുള്ള വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ്‌ എയര്‍പോര്‍ട്ടും പരിസരവും.കനത്ത ദീപപ്രഭയില്‍ ചുറ്റുമുള്ള ഒരു വലിയ പ്രദേശം തന്നെ ഈ വെളിച്ചം നിലാവു പോലെ കാണാം.എയര്‍ പോര്‍ട്ടിന്റെ സൈഡിലുള്ള റോഡിലേക്ക്‌ ഞാന്‍ കടന്നു.ഇടക്കാണ്‌ ഞാന്‍ mirror-ല്‍ ഒരു രൂപം കണ്ടത്‌.സൈക്കിള്‍ ചവിട്ടി വരുന്ന ഒരു രൂപം.എയര്‍പോര്‍ട്ടിലോ മറ്റോ ജോലി കഴിഞ്ഞ്‌ വരുന്ന ഏതെങ്കിലും ജീവനക്കാരനാണെന്ന് ഞാന്‍ കരുതി.ഒരു അല്‍പശമ്പളക്കാരനായ പിശുക്കന്‍.കുതിക്കുകയാണ്‌.അല്‍പം ദൂരം പോയപ്പോളും അറിയാതെ നോക്കിയപ്പോള്‍ mirror-ല്‍ ആ സൈക്കിള്‍ യാത്രക്കാരന്റെ രൂപം.എനിക്ക്‌ അത്ഭുതം തോന്നി.എന്റെ ബുള്ളറ്റിന്റെ വേഗത മറി കടക്കുന്ന സൈക്കിളോ?പെട്ടെന്ന് ഞാനത്‌ വിട്ടു.ഒരു പക്ഷെ മദ്യപിച്ചതു കൊണ്ട്‌ എന്റെ ബൈക്കിന്‌ വേഗത ഇല്ലായിരിക്കും. അതു കൊണ്ടാവാം സൈക്കിള്‍ യാത്രക്കാരന്‍ എന്നെ ചെയിസ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌.ഞാന്‍ ബൈക്കിന്‌ അമിതമായി സ്പീഡ്‌ കൂട്ടി.ബുള്ളറ്റ്‌ കുതിച്ചു പാഞ്ഞു.എയര്‍പോര്‍ട്ടിന്റെ അറ്റത്തെത്താറായി.അപ്പോഴാണ്‌ ഞാന്‍ നടുക്കത്തോടെ കണ്ടത്‌.mirror-ല്‍ സൈക്കിള്‍ ചവിട്ടി വരുന്ന ആ രൂപം.ഞാന്‍ ഭയചകിതനായി.അറിയാതെ ഞാന്‍ ബ്രേക്ക്‌ ചവിട്ടി. ഭാഗ്യം ബുള്ളറ്റായതു കൊണ്ട്‌ മറിഞ്ഞില്ല.പക്ഷെ അതിനു മുന്‍പ്‌ പിറകില്‍ അലര്‍ച്ച പോലുള്ള കരച്ചില്‍ കേട്ട പോലെ.ഞാന്‍ നോക്കിയപ്പോള്‍ സൈക്കിള്‍ യാത്രക്കാരന്‍.ഞാന്‍ പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടിയതു കൊണ്ടൊ മറ്റോ എന്തായാലും സൈക്കിള്‍ കുതിച്ച്‌ ഉയര്‍ന്ന് പൊങ്ങി ഒരു വശത്തുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക്‌ തെറിച്ചു വീഴുന്നതാണ്‌ കണ്ടത്‌.വെള്ളത്തിന്റെ അലര്‍ച്ച കേട്ടുവോ?ഓളങ്ങള്‍ പെട്ടെന്ന് അടങ്ങി.ഞാന്‍ കിലുകിലെ വിറച്ചു നില്‍ക്കുകയാണ്‌.എന്റെ കുറ്റം കൊണ്ടോ അല്ലെങ്കില്‍ സൈക്കിള്‍ യാത്രക്കാരന്റെ കുറ്റം കൊണ്ടോ അര്‍ദ്ധരാത്രിയില്‍ ഒരു അപകടം നടന്നിരിക്കുന്നു.എന്തയാലും ഞാനും ഉത്തരവാദി തന്നെ. വിറങ്ങലിച്ചുനിന്ന നിമിഷങ്ങള്‍ക്ക്‌ ശേഷം അവിടെനിന്ന് പെട്ടെന്ന് രക്ഷപ്പെടാനാണ്‌ എന്റെ മനസ്സ്‌ എന്നോട്‌ പറഞ്ഞത്‌.അര്‍ദ്ധബോധത്തിലോ എന്തോ ഞാന്‍ വണ്ടിയെടുത്തു.ഇരുവശത്തുനിന്നും രാക്ഷസരൂപികളായി ഇരുട്ട്‌ തുറിച്ച്‌ നോക്കിക്കൊണ്ടിരിക്കുന്നു.വീട്ടിലെത്തിയപ്പോള്‍ അത്ഭുതം, ആരും ഉറങ്ങിയിട്ടില്ല.എല്ലാവരും നല്ല തീറ്റയും കുടിയും;ഒച്ചയും ബഹളവും.ഒരു അതിഥി വന്നിരിക്കുന്നു.ഇളയച്ചന്റെ മകനായ ഒരു വക്കീല്‍.വാതില്‍ക്കല്‍ കിതച്ചു നിന്ന എന്നെ വക്കീല്‍ സ്വാഗതം ചെയ്തു."ആ വാടാ,നീ വന്നിട്ടേ കിടക്കുന്നുള്ളൂ, എന്നു പറഞ്ഞ്‌ ഞങ്ങളൊന്ന് കൂടുകയായിരുന്നു.എല്ലാവരും അത്യാവശ്യം ഫോമിലാണ്‌.അപ്പച്ചന്‍ ഒട്ടും മോശമല്ല.എല്ലാവരും നല്ല ആഹ്ലാദമൂഡില്‍.ചേടത്തിമാര്‍ കിടന്നിട്ടില്ല.അവരും ചെറുതായി അടിച്ചുകാണും.മേശപ്പുറത്ത്‌ ധാരാളം നോണ്‍ വിഭവങ്ങള്‍.ഭാഗ്യം അമ്മ കിടന്നിരുന്നു.ഈയിടെ നല്ല സുഖമില്ലാത്തതിനാല്‍ നേരത്തേകിടക്കും.65 വയസ്സായിട്ടും ആജാനബാഹുവായ അപ്പച്ചന്‌ മീശയും താടിയും നരച്ചതല്ലാതെ യാതൊരു കുഴപ്പവുമില്ല.കിതച്ച്‌ മിണ്ടാതെ നിന്ന എന്നെ എല്ലാവരും അമ്പരപ്പോടെ നോക്കി."എന്താ മോനേ,എന്താ പറ്റിയത്‌?"എല്ലാവരും പരിഭ്രമത്തോടെ എന്റെചുറ്റും കൂടി.അപ്പച്ചന്റെ ചുമലില്‍ വീണ്‌ ഞാന്‍ കരഞ്ഞു.വിക്കി വിക്കി ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.എല്ലാവരുടേയും കിക്ക്‌ ഒറ്റയടിക്ക്‌ ഇറങ്ങി.ചേടത്തിമാര്‍ പരിഭ്രമിച്ച്‌ കര്‍ത്താവിനെ വിളിച്ചു കരഞ്ഞു."എന്താണിപ്പോള്‍ ചെയ്യേണ്ടെതെടാ" അപ്പച്ചന്‍ കരച്ചിലോടെ വക്കീലിനോട്‌ ചോദിച്ചു.വക്കീല്‍ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത്‌ എന്നോട്‌ വിശദമായി ചോദിച്ചു.വിക്കി വിക്കികൊണ്ടാണ്‌ ഞാന്‍ മറുപടി പറഞ്ഞത്‌."റോഡില്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ?""ഇല്ല,ഞാന്‍ ആരേയും കണ്ടില്ല.""സൈക്കിള്‍കാരന്‍ വെള്ളത്തിലേക്ക്‌ വീണിട്ട്‌ പിന്നെ നീ കണ്ടോ?""ഇല്ല,കിടങ്ങില്‍ നല്ല ഇരുട്ടാണ്‌.കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.മാത്രമല്ല ഞാന്‍ പെട്ടെന്നിങ്ങോട്ട്‌ പോന്നില്ലേ?"വക്കീല്‍ കുറച്ചുനേരം ആലോചിച്ചു.ചേട്ടത്തിമാരുടെ പിറുപിറുക്കുന്ന പ്രാര്‍ത്ഥനാ ശബ്ദങ്ങളും ക്ലോക്കിന്റെ മിടിപ്പും മാത്രം കേള്‍ക്കാം.വക്കീല്‍ ഒന്നുരണ്ടുപ്രാവശ്യം മൊബെയില്‍ ഡയല്‍ ചെയ്തു.പിന്നെ ഓഫ്‌ ചെയ്തു.എന്നിട്ട്‌ ഉറച്ച തീരുമനത്തോടെ പറഞ്ഞു."ആരും കണ്ടിട്ടില്ലല്ലോ.ഏതായാലും നേരം വെളുക്കട്ടെ.പരിഹാരമുണ്ടാക്കാം.എല്ലാവരും ധൈര്യമായിരി.ഞാനില്ലേ,ഒന്നുകൊണ്ടും പേടിക്കേണ്ട.""ജിബിനെ ഇവിടെനിന്ന് മാറ്റണോ?" "വേണ്ട" വക്കീല്‍ പറഞ്ഞു."രാവിലെ തീരുമാനിക്കാം."അതൊരു കാളരാത്രിയായിരുന്നു.സെറ്റിയിലിരുന്ന് എല്ലാവരും പ്രാര്‍ത്ഥിക്കുകയായിരുന്നു.ഇരുന്നും കിടന്നും.നേരം വെളുപ്പിച്ചെന്നു വരുത്തി.ഞാന്‍ സെറ്റിയില്‍ കിടെന്നെങ്കിലും തലയില്‍ ഒരു കൊടുങ്കാറ്റ്‌ ആഞ്ഞടിക്കുകയായിരുന്നു.ആകെ പെരുപെരുപ്പ്‌.തീവണ്ടിപാഞ്ഞുപോകുന്ന പോലത്തെ അനുഭവം.ഒരു കൊലയാളിയായി മാറിയിരിക്കുന്നു ഞാന്‍.ഇനി എന്തെല്ലാം പുകിലുകളാനാവോ?എങ്ങനെയാണിതിനെ അഭിമുഖീകരിക്കുക?പണവും സഹായത്തിന്‌ വക്കീലും സഹായത്തിന്‌ കരുത്തും സ്നേഹവുമുള്ള എന്തിനും പോന്ന സഹോദരന്മാരും അപ്പച്ചനും ഉള്ളതുകൊണ്ട്‌ എങ്ങിനെയെങ്കിലും തലയൂരിപ്പോരാം.പക്ഷേ മനസ്സിനേറ്റ കുറ്റബോധത്തില്‍ നിന്ന് ഒരാളുടെ മരണത്തിന്‌ കാരണമായ ഒരാളെന്ന നിലയില്‍ ജീവിതത്തിനേറ്റ കറ മാഞ്ഞുപോകുമോ?നിരന്തരമായ മാനസികപീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമോ?മാത്രമല്ല,അതിവേഗം കുതിച്ചുപായുന്ന ബൈക്കിനോടൊപ്പം എങ്ങനെ അയാള്‍ എത്തിക്കൊണ്ടിരുന്നു.നേരം വെളുത്തെന്നു വരുത്തി.വക്കീല്‍ വിളിച്ചു."നമുക്ക്‌ ഒന്ന് സ്പോട്ടില്‍ പോയി നോക്കാം.പേടിക്കേണ്ട,ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലാണ്‌ നാം പോവുക.ജിബിനും അപ്പച്ചനും ഇവിടെ ഇരിക്കട്ടെ.നമുക്ക്‌ പോയിട്ട്‌ വരാം."പുറത്ത്‌ ക്വാളീസ്‌ സ്ട്ടാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം.ഞാന്‍ ക്രൂശിത രൂപത്തിനു മുന്‍പില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.ആദ്യമായി മനസ്സ്‌ ദൈവത്തെ കണ്ടെത്തുന്നതായും യേശുവില്‍ അഭയം തേടുന്നതായും ഞാനറിഞ്ഞു.ജീവിതത്തില്‍ ഇത്രയും തീവ്രമായി ഞാന്‍ ദൈവത്തെ വിളിച്ചിട്ടില്ല.അല്‍പനേരമേ കഴിഞ്ഞുള്ളൂ,ഫോണ്‍ ശബ്ദിച്ചു."അപ്പച്ചന്‍ അവനേയും കൂട്ടി ഇങ്ങോട്ട്‌ വരണം.പേടിക്കേണ്ട.ധൈര്യമായി പോരേ."വല്ല്യേട്ടന്റെ ശബ്ദമാണ്‌.മനസ്സും ശരീരവും വിറക്കുകയായിരുന്നു.അപ്പച്ചനെ കെട്ടിപ്പിടിച്ച്‌ കാറില്‍ ഞാനിരുന്നു.എയര്‍ പോര്‍ട്ടിലെ ലൈറ്റുകള്‍ പ്രകാശിച്ചു നില്‍ക്കുന്നു. ഉറക്കമിളപ്പുകൊണ്ടാവാം, ഒരു മടുപ്പാര്‍ന്ന മുഷിഞ്ഞ നിറത്തിലാണ്‌ വിളക്കുകളുടെ നില്‍പ്പ്‌.ഇരുട്ട്‌ മാറിവരുന്നതേയുള്ളൂ.എയര്‍ പോര്‍ട്ടിന്റെ മതില്‍ തുടങ്ങുന്നിടത്ത്‌ ക്വാളീസ്‌ കാണാം.ഒരു ട്രെയിന്‍ പാഞ്ഞുപോയി.എന്നെ അവര്‍ കാറില്‍നിന്ന് താങ്ങിയിറക്കി.വക്കീല്‍ ചോദിച്ചു."മോനെ എവിടെ വച്ചാണെടാ സംഭവം?"ഞാന്‍ പകച്ച്‌ ചുറ്റും നോക്കി.മതില്‍ അവസാനിക്കുന്നിടത്ത്‌,കിടങ്ങിലേക്ക്‌,വെള്ളത്തിലേക്ക്‌ ആണ്‌ അയാളും സൈക്കിളും വീണത്‌.ഞാനവിടെ തന്നെ എന്ന് ചൂണ്ടിക്കാണിച്ചു.അവര്‍ വെള്ളത്തിലേക്ക്‌ ശക്തമായ ടോര്‍ച്ചടിച്ചു.ഒന്നുമില്ല,വെള്ളം മാത്രം."പക്ഷേ ഇവിടെയൊന്നുമില്ലല്ലോ മോനേ.ഞങ്ങള്‍ ആ അറ്റം മുതല്‍ മുഴുവന്‍ നോക്കി.വെള്ളത്തില്‍ ആരും വീണുകിടക്കുന്നില്ല.""ഒരു പക്ഷേ അവന്‍ ഒന്നും പറ്റാതെ എണീറ്റുപോയിട്ടുണ്ടാകാം"ഏട്ടന്മാരില്‍ ഒരാള്‍ പറഞ്ഞു.എന്റെ ശ്വാസം നേരെ വീഴുന്നതും ഒരു കുളിര്‍കാറ്റടിക്കുന്നതും ഞാനറിഞ്ഞു."എന്താണ്‌ നോക്കുന്നത്‌?"പെട്ടെന്ന് പിറകില്‍ നിന്നു കേട്ട ശബ്ദം കേട്ട്‌ ഞങ്ങള്‍ ഞെട്ടി.ഒരു വൃദ്ധന്‍.കയ്യില്‍ പാല്‍പാത്രം.ഒറ്റമുണ്ട്‌ മാത്രം ഉടുത്തിരിക്കുന്നു. കഴുത്തില്‍ കറുത്ത വെന്തിങ്ങ.ഞങ്ങള്‍ ഒന്നും മിണ്ടാതെ നിന്നു."വെള്ളത്തില്‍ ആരെങ്കിലും പോയോ?"ഞങ്ങള്‍ സ്തബ്ധരായി നില്‍ക്കുകയാണ്‌.ഒന്നും മിണ്ടാനാകാതെ."ചിലരൊക്കെ ഇങ്ങനെ വന്ന് നോക്കാറുണ്ട്‌,ചിലപ്പോഴൊക്കെ.അതുകൊണ്ട്‌ ചോദിച്ചതാണ്‌."വൃദ്ധന്റെ ചോദ്യത്തിന്‌ ഞങ്ങള്‍ മറുപടി നല്‍കിയില്ല."ഈ സ്ഥലമത്ര ശരിയല്ല.എത്രയെത്ര മരണങ്ങള്‍?കാണാത്തത്‌ കാണും.കേള്‍ക്കാത്തത്‌ കേള്‍ക്കും."അയാള്‍ പറഞ്ഞു."ഇന്നലെയൊരാള്‍ സൈക്കിളുമായി വെള്ളത്തിലേക്ക്‌..."അപ്പച്ചന്‍ അറിയാതെ പറഞ്ഞു.പെട്ടന്ന് വക്കീല്‍ അപ്പച്ചന്റെ വായപൊത്തി.വൃദ്ധന്‍ ചിരിച്ചു."അതെ,അതുതന്നെ കാര്യം.സൈക്കിളില്‍ ഒരാള്‍ വെള്ളത്തിലേക്ക്‌ വീഴുന്നത്‌ ഇന്നലെ രാത്രി കണ്ടു.ആളെ വെള്ളത്തിലൊട്ടു കാണുന്നുമില്ല.അല്ലേ?""അതെ"ഞങ്ങള്‍ അറിയാതെ പറഞ്ഞു പോയി.അയാള്‍ വെന്തിങ്ങയിലെ കുരിശുരൂപത്തില്‍ അമര്‍ത്തിപ്പിടിച്ചു.പിന്നെ എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു."മക്കളേ,പണ്ടൊരുത്തന്‍ ഇവിടെ സൈക്കിളില്‍ പോകുമ്പോള്‍ ഏതോ വണ്ടിയിടിച്ച്‌ മരിച്ചു.ശവവും സൈക്കിളും ഇവിടെ വെള്ളത്തില്‍ കിടന്നു.പിന്നെ ചിലപ്പോഴൊക്കെ ചിലര്‍ ഈ സംഭവം കാണാറുണ്ട്‌.ഇങ്ങനെ വന്ന് നോക്കാറുമുണ്ട്‌."അയാള്‍ കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു.പിന്നെ സാവധാനം നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു." കാച്ചപ്പിള്ളി മൈക്കിളച്ചന്റെ അടുത്തേക്ക്‌ പൊക്കോ.അതേ രക്ഷയുള്ളൂ." അയാള്‍ കൂനികൂനി നടന്നു നീങ്ങി.മൈക്കിളച്ചന്‍ മാനസികരോഗത്തിന്‌ ചികില്‍സിക്കുന്നയാളാണ്‌.അല്‍പം മന്ത്രവാദവുമുണ്ടെന്ന് കേള്‍വിയുണ്ട്‌.അച്ഛനത്‌ സമ്മതിച്ചിട്ടില്ല.ഏതായാലും പേടിപറ്റി സമനില തെറ്റിയവരെ സാധാരണ അച്ഛന്റെ അടുത്തേക്കാണ്‌ കൊണ്ടുപോവുക.അച്ഛന്‍ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ എല്ലാം ശരിയാകും എന്നാണ്‌ പലരും പറയുന്നത്‌.വിറയാര്‍ന്ന എന്റെ കൈകളില്‍ പിടിച്ചുകൊണ്ട്‌ അപ്പച്ചന്‍ കാറില്‍ കയറി."വണ്ടി മൈക്കിളച്ചന്റെ അടുത്തേക്ക്‌ വിട്‌ മക്കളേ" അപ്പച്ചന്‍ പറഞ്ഞു.വണ്ടി കുതിച്ചുതുടങ്ങുമ്പോള്‍ ഞാന്‍ കണ്ടു. കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചുതുടങ്ങിയിരിക്കുന്നു.

2 comments:

നവരുചിയന്‍ said...

സുന്ദരസുരഭിലം ആയ ഒരു പ്രേത കഥ .............. ഒരു പെണ്ണ് പ്രേതം ആരുന്നു എങ്കില്‍ കുറച്ചു കൂടെ ഉഷാര്‍ ആയേനെ

Jayasree Lakshmy Kumar said...

എന്റമ്മച്ചി. സൈക്കിളില്‍ വരുന പ്രേതം!! എനിക്കു പേടിയാവുന്നേ.......