skip to main |
skip to sidebar
ഒരു പെണ്ണുകാണല്‍
പെണ്ണുകാണല്‍ പരിപാടി അത്ര സുഖകരമായ കാര്യമല്ല.ചിലര്‍ക്കത് രസകരമായിരിക്കാം.പക്ഷെ, പെണ്ണുകാണാന്‍ ചെന്നിട്ട്, വേണ്ട എന്നു പറയേണ്ടി വരിക-അത് ആ പെണ്‍കുട്ടിക്കു വിഷമമാവില്ലേ!ഇനി നമ്മളെ വേണ്ടാ എന്നവര്‍ പറയുമ്പോള്‍ നമുക്കും വിഷമമാവില്ലേ!പക്ഷെ, നിലവിലുള്ള രീതി തുടരുകയല്ലേ നിവര്‍ത്തിയുള്ളൂ. സമൂഹം മറ്റൊരു രീതിയിലേക്ക് മാറുന്നതുവരെ.ആദ്യത്തെ പെണ്ണുകാണല്‍ 'നോ' എന്നു പറയേണ്ടി വന്നു.പെണ്‍കുട്ടിക്കു വിഷമംതോന്നണ്ട എന്നു കരുതി ജോലി ഇല്ലാത്തതുകൊണ്ടാണ് എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി.പെണ്‍കുട്ടി 'തരക്കേടില്ലാത്തയാളാകണം' എന്നെനിക്കു നിര്‍ബന്ധമുണ്ടായിരുന്നു.കാരണം അല്ലെങ്കില്‍ കുട്ടികള്‍ മോശമായാല്‍ അതവര്‍ക്കു തന്നെ ബുദ്ധിമുട്ടാകും. രണ്ടാമത്തെ പെണ്ണുകാണലാണു കഥാ വിഷയം.മലയാറ്റൂര്‍ മലയുടെ അടിവാരത്തിലാണു പെണ്‍കുട്ടിയുടെ വീട്.ബ്രോക്കര്‍ക്കു വഴി അറിയില്ല.ഒരു കാറില്‍ ഞങ്ങള്‍ മൂന്നു പേര്‍ - ഞാന്‍;ബ്രോക്കര്‍, ജ്യേഷ്ഠന്‍- എന്നിവര്‍ പുറപ്പെട്ടു.എന്തുകൊണ്ടു ഫ്രണ്ട്‌സിനെ ഒഴിവാക്കി?ഗ്യാങ്ങിലെ ഏറ്റവും മോശമായ എന്നോടൊപ്പം സുന്ദരക്കുട്ടപ്പന്മാരായ അവരെ കൊണ്ടുപോകുന്നത് ബുദ്ദിയല്ല എന്നെനിക്കു തൊന്നി(ഒരു ലുക്കില്ലെങ്കിലും എനിക്കു നല്ല ബുദ്ദിയല്ലെ!)വളവും പുളവും തിരിഞ്ഞു ഞങ്ങള്‍ മലയടിവാരത്തിലെത്തി.കോളനി പോലുള്ള കുറെ ചെറിയ വീടുകള്‍.ജ്യേഷ്ടന്‍ ബ്രോക്കറെ നോക്കി കണ്ണു തുറുപ്പിച്ചു.അയാള്‍ നിസ്സഹായതയോടെ പറഞ്ഞു."ഏതായാലും വന്നില്ലെ.കണ്ടിട്ടു പോകാം."ചെറിയ കൂര പോലുള്ള വീട്.മണ്ണു തേച്ച ഭിത്തികള്‍.മുറ്റത്തു മൂന്നു സ്ട്ടൗറ്റ് ഫെല്ലോസ്.അച്ഛനും രണ്ട് ആങ്ങളമാരുമാണെന്നു മനസ്സിലായി.മൂന്ന് പേരും മിഴിച്ചു നില്‍ക്കുകയാണ്.ഒരക്ഷരം സംസാരിക്കുകയോ ചോദിക്കുകയോ ചെയ്യുന്നില്ല.ഞങ്ങള്‍ അല്‍പനേരം മുറ്റത്ത് പതുങ്ങിനിന്നു.പിന്നെ നിവൃത്തിയില്ലാതെ ഇറയത്ത് കയറിയിരുന്നു.അപ്പോഴും പന്തം കണ്ട പെരുച്ചാഴികളെപ്പോലെ മൂന്നുപേരും മിഴിച്ചുനില്‍പ്പാണ്.ഞങ്ങളും ഒന്നും സംസാരിച്ചില്ല.അകത്ത് സ്ത്രീകള്‍ സംസാരിക്കുന്ന ശബ്ദം കേള്‍ക്കാം.20 മിനിറ്റോളം കഴിഞ്ഞു.ഒരു സ്ത്രീ ചായയും പലഹാരവും മുന്നില്‍ കൊണ്ടുവച്ചിട്ട് അകത്തേക്ക് അപ്രത്യക്ഷയായി.എനിക്ക് ചിരി വന്നു.ഒരു യഥാര്‍ത്ഥ അടൂര്‍ ഗോപാലകൃഷ്ണന്‍ പടത്തിലെ സീന്‍ പോലെ.ഒരക്ഷരം മിണ്ടാതിരിക്കുന്ന ഏതാനും പേര്‍;പശ്ചാത്തലത്തില്‍ പശു അമറുന്ന, കിളി ചിലക്കുന്ന ശബ്ദം മാത്രം.ഞങ്ങള്‍ "വന്നു പോയില്ലേ" എന്തുചെയ്യും എന്ന ഭാവത്തില്‍ ചായ എടുത്തു കുടിക്കുകയാണ്.ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞു.ഇതിനിടെ പെട്ടന്നാണ് വാതില്‍ക്കല്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്.ഞാന്‍ ഞെട്ടിപ്പോയി.സ്വര്‍ണ്ണത്തിന്റെ നിറം,നെല്‍ക്കതിര്‍ പോലെ മെലിഞ്ഞവള്‍.പെണ്‍കുട്ടി എന്നെ നോക്കി മനോഹരമായി ചിരിച്ചു.ചിരകാല സുഹൃത്തുക്കളെപ്പോലെ.ഒരു കൂസലുമില്ല.കണ്ടാല്‍ ഏകദേശം സിനിമാനടി ശോഭനയെപ്പോലെ!"കുന്നത്തു കൊന്നയും പൂത്തപോലെ" എന്ന് വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ.ഞാനല്‍പം അത്ഭുതത്തോടെ തന്നെ നോക്കി നിന്നു.ഈ മോശമായ അന്തരീക്ഷത്തില്‍ ഇത്ര മനോഹരിയായ പെണ്‍കുട്ടിയോ!ഏതായാലും സ്റ്റീരിയോ ടൈപ്പ് ചോദ്യങ്ങളിലൂടെ തുടങ്ങാം.ഞാന്‍ പേരുചോദിച്ചു.എല്ലാത്തിനും ചിരിച്ചുകൊണ്ട് നല്ല സ്മാര്‍ട്ടായ ഉത്തരങ്ങള്‍.നാണമില്ല,കുഴച്ചിലില്ല. നല്ല വ്യക്തമായ മറുപടികള്‍.ടീച്ചറാണ്-പക്ഷെ സ്ഥിരമല്ല.സ്ഥിരം ജോലി എന്നെങ്കിലും കിട്ടിയേക്കാം.സത്യസന്ധമായ മറുപടിയില്‍ എനിക്ക് സന്തോഷം തോന്നി.അത്യാവശ്യം കാര്യങ്ങള്‍ ചോദിച്ചശേഷം നിര്‍ത്താമെന്ന് കരുതി ഞാന്‍ പറഞ്ഞു."ഒ.കെ. ഇനി എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം.മടിക്കേണ്ട." 'ഇല്ല' എന്നൊരു തലയാട്ടല്‍ പ്രതീക്ഷിച്ച എന്നോട് 'വിയറ്റ്‌നാം കോളനി'യില്‍ മോഹന്‍ലാലിനോട് കനക ചോദിച്ചതു പോലെയായിരുന്നു പെണ്‍കുട്ടിയുടെ മറുപടി."പിന്നെ തീര്‍ച്ചയായും എനിക്ക് ഒരുപാടു കാര്യങ്ങള്‍ ചോദിക്കാനുണ്ട്."ഇത്തവണ ഞാനൊന്നു ഞെട്ടി.പിന്നെ പെണ്‍കുട്ടി എന്നോട്- പേരു മുതല്‍-സത്യത്തില്‍ വീട്ടുകാര്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍-എല്ലാം ചൊദിക്കാന്‍ തുടങ്ങി.ഞാന്‍ സന്ദര്‍ഭം മറന്നു.ഞങ്ങള്‍ ദീര്‍ഘമായ ഒരു സംസാരത്തിലേക്ക് വഴുതിമാറി.എന്റെ കാലില്‍ ഒരു ചവിട്ട് കിട്ടിയപ്പോഴാണ്(ജ്യേഷ്ടനാണ് ചവിട്ടിയത്) ഞാന്‍ ഓര്‍ത്തത്.ഞങ്ങള്‍ ഏറെ നേരമായി രസം പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ അസ്വസ്ഥരായി എരിപിരി കൊണ്ടിരിക്കുകയാണ് മറ്റുള്ളവര്‍.ഞങ്ങള്‍ സംസാരം നിര്‍ത്തി.വിവരം അറിയിക്കാമെന്ന് പറഞ്ഞ് ഇറങ്ങി.ഒരു വിടര്‍ന്ന മന്ദഹാസത്തോടെ ആ കുട്ടി എന്നെ യാത്രയാക്കി.കാറില്‍ കയറിയപ്പോള്‍ ജ്യേഷ്ടന്‍ വഴക്കു പറഞ്ഞു."വീട് കണ്ടപ്പോഴേ വേണ്ടാ എന്ന് ഞാന്‍ തീരുമാനിച്ചു.വീട്ടുകാരെ കണ്ടതോടെ ഉറപ്പാക്കി. പിന്നെയെന്തിനാടാ ഇത്രയും നേരം ഒരു സല്ലാപം? രണ്ട് വാക്ക് ചോദിച്ച് ഇറങ്ങിപ്പോന്നാല്‍ പോരെ?"ഞാനൊന്നും മിണ്ടിയില്ല."നല്ല പെണ്‍കുട്ടി.പക്ഷെ വീടും വീട്ടുകാരും ഇയാള്‍ക്ക് ചേരില്ല."ബ്രോക്കര്‍ നയം വ്യക്തമാക്കി.മൂന്ന് തടിമാടന്മാര്‍ ഉണ്ടായിട്ടും വീടു കിടക്കുന്ന കണ്ടില്ലേ - ഒന്നുകില്‍ അവരുടെ ജീവിത രീതി അല്ലെങ്കില്‍ ആറ്റിറ്റുഡ് ശരിയല്ല.ഒന്നും മിണ്ടാതെയുള്ള അവരുടെ നില്‍പ്പ്,എന്തോ കുഴപ്പമുണ്ട്... .എങ്കിലും ആ പെണ്‍കുട്ടിക്ക് ചേരുന്ന ആളല്ല ഞാന്‍ എന്ന് ഞാനോര്‍ത്തു.അവരോട് ബ്രോക്കര്‍ എന്ത് പറഞ്ഞെന്ന് അറിഞ്ഞുകൂടാ.ഏതായാലും ആ പെണ്‍കുട്ടിയെ ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്.വളരെ സ്മാര്‍ട്ടായ,കപടനാട്യങ്ങളില്ലാത്ത പെണ്‍കുട്ടി.എനിക്ക് എന്നും നഷ്ടബോധം തോന്നുന്ന ഒരു പെണ്ണുകാണല്‍.ആ കുട്ടിയുടെ സൗന്‌ദര്യമല്ല,പെരുമാറ്റമാണ് എന്നെ ഇംപ്രസ് ചെയ്തത്.(ഏതായാലും മൂന്നാമത്തേതില്‍ പെട്ടു..പെട്ടാല്‍ പിന്നെ പിടച്ചിട്ടെന്ത് കാര്യം എന്നാണോ അതൊ പെട്ടാല്‍ പിന്നെ പിടക്കാതെ എന്തു ചെയ്യും എന്നാണൊ ശരി എന്നറിഞ്ഞു കൂട.ഏതായാലും പിടച്ചുകൊണ്ടുതന്നെയിരിക്കുന്നു.)ഞാനീ കഥ പറയുമ്പോള്‍ ഭാര്യയുടെ കമന്റ്."പാലക്കാട് ഒരു മാഷ് എത്രകാലം എന്റെ പിന്നാലെ നടന്നതാ.അതുമതിയായിരുന്നു.എങ്കില്‍ എനിക്കീഗതി വരില്ലായിരുന്നു."പിന്നെയൊരു നെടുവീര്‍പ്പും."മഹാ ഭാഗ്യവാന്‍! അയാള്‍ രക്ഷപ്പെട്ടല്ലോ!" എന്റെ മറുപടി.കുട്ടികള്‍ ഇതു കേട്ട് ആര്‍ത്തു ചിരിക്കുന്നതോടെ സമാപ്തം!.......................................................
7 comments:
ഹ ഹ. അതുകലക്കി. ഡ്യൂപ്ലികേറ്റ് ശോഭനക്കു ഭാഗ്യമുണ്ട്.മൂന്നാമത്ത ആള്‍ കുടുങ്ങി.
ഗിന്നസ് ബുക്കില്‍ പേരു വരാവുന്നത്ര പെണ്ണു കണ്ടിട്ടുള്ള ഒരാളുണ്ട്. എന്റെ ചേട്ടന്‍. ഓസിനുള്ള ചായ കുടി മുടങ്ങും എന്നോര്‍ത്താണ് ചേട്ടന്‍ ഒരു പെണ്ണിനേങ്ങും അങ്ങുസമ്മതിക്കാത്തതെന്ന് എന്റെ കസിന്‍ ബ്രെദേഴ്സ് കളിയാക്കി പറയുമായിരുന്നു. ഏതായാലും പുള്ളിയും അവസാനം ഒരിടത്തു കൂടുങ്ങി
മൂന്നെണ്ണത്തിനെ മാത്രമല്ലെ കാണെണ്ടി വന്നുള്ളൂ..അതു നന്നായില്ലേ..ഹോ ഞങ്ങളുടെ ഒരു ഭാഗ്യമേ... ആദ്യ കാഴ്ചയില്‍ തന്നെ വീണു പോയി..അതു കൊണ്ടെന്താ അധികം പേരുടെ മുന്നില്‍ ഉടുത്തൊരുങ്ങി നില്ക്കണ്ടി വന്നില്ലല്ലോ..
ആ പെണ്ണ് രക്ഷപ്പെട്ടു...ല്ലേ..മാഷേ.... എന്തായാലും അവള്‍ മാഷ് വരുമെന്ന്‌പ്രതീക്ഷിച്ചിരിക്കാം.... കാത്തിരിപ്പിനൊടുവില്‍ 'കാണാന്‍ ലുക്കും ബുദ്ധിയും' ഉള്ളഒരാളെ കെട്ടിയിട്ടുണ്ടാവാം....ല്ലേ.... ഒരു സംശയം.... മൂന്നാമത്തെ ആള്‍രണ്ടാമത്തെ ആളിനെക്കാള്‍....സ്മാര്‍ട്ടാണോ.... (സത്യം പറഞ്ഞാല്‍ പ്രശ്നമാവുമെങ്കില്‍പറയണ്ടാട്ടോ... )
:)
qw_er_ty
ഒന്നിനെയേ ഞാനും പെണ്ണു ക്ണ്ടൂള്ളു. അതിന്റെ കഴുത്തില്‍ തന്നെ മിന്നു കെട്ടിയതും കൊണ്ട്, ഈ ചായ് കുടി ഏര്‍പ്പാടിനെ പറ്റി ഒരു പിടിയും ഇല്ല. കാപട്യമില്ലാത്ത ആ അഞ്ജാത പെണ്‍കുട്ടിക്ക് നല്ലത് വരണേ എന്നു നമ്മുക്കു പ്രാര്‍ഥിക്കാം . ( താങ്കള്‍ രണ്ടാമത് പെണ്ണു കണ്ട പെണ്‍കുട്ടിയുടെ കാര്യം )
താങ്കളാദ്യം കണ്ട പെണ്‍കുട്ടി. അതേ സ്വര്‍ണ്ണത്തിന്റെ നിറം,നെല്‍ക്കതിര്‍ പോലെ മെലിഞ്ഞവള്‍.ചിരകാല സുഹൃത്തുക്കളെപ്പോലെ ഒരു കൂസലുമില്ലാതെ സംസാരിച്ച സിനിമാനടി ശോഭനയെപ്പോലെ തോന്നിയ അതേ പെണ്‍കുട്ടി. കുന്നത്തു പൂത്ത കൊന്നപോലെ എന്നു തോന്നിയ ഞാനാ പഴയ പെണ്ണുകാണല്‍ പറയുമ്പോള്‍ , എന്‍റെ ഭര്‍ത്താവിന്‍റെ കമന്‍റു്. “ വിധിയെ തടുക്കാനാര്‍ക്കാകും. നെടുവീര്‍പ്പിടാന്‍ എന്നെ വിധിക്കാതിരുന്ന ദൈവത്തിനു സ്തുതി.” കുട്ടികള്‍ ആര്‍ത്തു ചിരിക്കുന്നതു കാണുമ്പോള്‍ ഞാന്‍ സംതൃപ്ത.:)
Post a Comment